ചികിത്സാച്ചെലവ് കുറയ്ക്കാൻ സര്‍ക്കാര്‍ ഇടപെടും; അപൂര്‍വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍

തിരുവനന്തപുരം: ചികിത്സാച്ചെലവ് കുറച്ച് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീര്‍ത്ത് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കാസര്‍കോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. ആദിവാസി മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലയില്‍ കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും.
എസ്എംഎ (Spinal Muscular Atrophy) അടക്കമുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി, ശ്രുതിതരംഗം, സ്‌നേഹപൂര്‍വ്വം, സ്‌നേഹസ്പര്‍ശം, താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്‌നേഹ സാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമാക്കും. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും.
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇന്‍സുലിന്‍ നല്‍കാനും, ബ്രിട്ടില്‍ (Brittle) ഡയബറ്റിക്കായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കുവാനും, കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെന്‍സര്‍ (Continuous Glucose Monitoring Sensor) നല്‍കുവാനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



