Kerala

എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല; നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ 19കാരി ജീവനൊടുക്കി

ഹൈദരാബാദ്: നീറ്റ് (NEET-UG) പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഹൈദരാബാദിൽ പത്തൊൻപതുകാരിയായ മെഡിക്കൽ പ്രവേശന പരീക്ഷാർത്ഥി ജീവനൊടുക്കി. ഹൈദരാബാദിലെ മിയാപ്പൂർ സ്വദേശിയായ ഷെയ്ഖ് സന (19) ആണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. പരീക്ഷാ തട്ടിപ്പ് വിവാദങ്ങളെ തുടർന്ന് റദ്ദാക്കിയ പരീക്ഷ വീണ്ടുമെഴുതേണ്ടി വന്നതിലുള്ള മാനസിക സമ്മർദ്ദവും ആശങ്കയുമാണ് കുട്ടിയെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

​കിടപ്പുമുറിയിൽ നിന്ന് “എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല” എന്ന് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആരെയും തൃപ്തിപ്പെടുത്താൻ തനിക്ക് സാധിക്കുന്നില്ലെന്നും അതിൽ എഴുതിയിരുന്നതായി സൂചനയുണ്ട്.

ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് മെയ് 3-ന് നടന്ന ആദ്യ പരീക്ഷ റദ്ദാക്കിയതിനാലാണ് ഞായറാഴ്ച (ജൂൺ 21) പുനഃപരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

സനയുടെ മാതാപിതാക്കൾ കുവൈത്തിലാണ്. ഹൈദരാബാദിലെ മിയാപ്പൂരിലുള്ള ഒരു അപ്പാർട്ട്മെന്റിൽ രണ്ട് അനിയത്തിമാർക്കൊപ്പമായിരുന്നു സന താമസിച്ചിരുന്നത്. പരീക്ഷയോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾ നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ അനിയത്തിമാർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം സന പരീക്ഷയ്ക്ക് പഠിക്കാനായി മുറിയിൽ കയറി വാതിലടച്ചതായിരുന്നു. ഉച്ചഭക്ഷണത്തിനായി വിളിച്ചപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സനയെ തൂങ്ങിയ നിലയിൽ കണ്ടെത്തി.

പ്ലസ് ടു (ഇന്റർമീഡിയറ്റ്) പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്കോടെയാണ് സന വിജയിച്ചിരുന്നത്. കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ എഴുതിയെങ്കിലും യോഗ്യത നേടാനാകാത്തതിനെ തുടർന്ന് ഒരു വർഷമായി കഠിനമായ കോച്ചിംഗിലായിരുന്നു.

See also  പോലീസ് തന്നെ കുറ്റാരോപിതരാകുന്നു; സംസ്ഥാനത്തെ നിയമവാഴ്ച തന്നെ തകർന്നുവെന്ന് കുഞ്ഞാലിക്കുട്ടി

Related Articles

Back to top button