Kerala

ട്രൈബ്യൂണൽ സ്റ്റേക്കെതിരെയുള്ള സർക്കാരിന്റെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്.) സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി.) ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വൈകിട്ട് നാലുമണിക്ക് വിധി പ്രസ്താവിക്കുന്നത്. കേസിലെ വാദപ്രതിവാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോടതി കേസ് വിധി പറയാനായി മാറ്റിയത്.

​ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ ഡോ. റീന മൂന്ന് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയെന്നും, ഫെബ്രുവരിയിൽ ഇവരുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതാണെന്നുമാണ് സർക്കാരിന്റെ പ്രധാന വാദം. പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടർ തസ്തിക അപ്ഗ്രേഡ് ചെയ്താണ് തുല്യ പദവിയിൽ പുതിയ നിയമനം നൽകിയതെന്നും, സംസ്ഥാനത്തെ നിലവിലെ പകർച്ചവ്യാധി പശ്ചാത്തലം കണക്കിലെടുത്താണ് അടിയന്തര മാറ്റമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

​എന്നാൽ, പകർച്ചവ്യാധി സമയത്ത് 15 ദിവസം അവധിയെടുത്തു എന്ന് കാണിച്ച് വ്യാജ ആരോപണങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് വകുപ്പ് ശ്രമിച്ചതെന്നും, സീനിയോരിറ്റി മറികടന്നുള്ള സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്നുമാണ് ഡോ. റീനയുടെ വാദം. ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡോ. റീന ഓഫീസിലെത്തിയെങ്കിലും താൽക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി കസേര ഒഴിയാതിരുന്നത് ഡി.എച്ച്.എസ് ഓഫീസിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. ആരോഗ്യവകുപ്പിലെ ഉന്നതതല തർക്കങ്ങളിൽ നിർണായകമാകുന്ന ഹൈക്കോടതി വിധിയിലേക്കാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

See also  മറ്റത്തൂർ പഞ്ചായത്തിൽ സമവായം; ബിജെപി പിന്തുണയിൽ വിജയിച്ച വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും

Related Articles

Back to top button