Kerala

നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണം; അന്വേഷണം ആരംഭിച്ച് പൊലീസ്‌

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്‍റെ മരണത്തില്‍ ആരോപണങ്ങളുയർന്നതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മരണത്തിലും ചികിത്സയിലും ദുരൂഹത ഉണ്ടെന്നായിരുന്നു പരാതി. സംഭവത്തിൽ ബാലചന്ദ്രകുമാറിന്‍റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ബാലചന്ദ്രകുമാറിന്‍റെ ചികിത്സാ രേഖകള്‍ ഷീബ പൊലീസിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്ത് അനന്തു സുരേഷിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അനന്തുവിന്‍റെ മൊഴിയും പൊലീസ് ശേഖരിച്ചു. ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയാണ് ആരോപണം. പരാതിയില്‍ അന്വേഷണത്തിന് നേരത്തെ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു തുടര്‍ന്നാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ബാലചന്ദ്രകുമാറിന് മറ്റ് അസുഖങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് ബാലചന്ദ്രകുമാറിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. ടെസ്റ്റുകള്‍ ചെയ്ത റിപ്പോര്‍ട്ടകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ബാലുവിന് എന്ത് സംഭവിച്ചു എന്നറിയാന്‍ സ്‌കാനിങ് റിപ്പോര്‍ട്ട് മാത്രം മതിയാകുമെന്നുമാണ് ഭാര്യയുടെ വാദം.

ബാലചന്ദ്രകുമാറിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെയാണ് അനന്തു പരാതി നല്‍കിയത്. ചെങ്ങന്നൂരിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2024 ഡിസംബര്‍ പതിമൂന്നിനായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മരണം. ചികിത്സ നടന്ന ആശുപത്രിക്കും ഡോക്‌ടർമാർക്കും എതിരെയും പരാതിയുണ്ട്.

See also  രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും: അടൂർ പ്രകാശ്

Related Articles

Back to top button