ആധാർ മുതൽ പാസ്‌പോർട്ട് വരെ; ജൂലൈ 1 മുതൽ രാജ്യം സാക്ഷ്യം വഹിക്കുന്ന പ്രധാന മാറ്റങ്ങൾ

ന്യൂഡൽഹി: സാധാരണക്കാരുടെ പോക്കറ്റിനെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന നിരവധി നിർണായക സാമ്പത്തിക, യാത്രാ പരിഷ്കാരങ്ങളാണ് ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്. ബാങ്ക് ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് ഉപയോഗം, പാസ്‌പോർട്ട് അപേക്ഷകൾ, ആധാർ കാർഡ്, റെയിൽവേ നിയമങ്ങൾ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് വരുന്നത്. ജൂലൈ 1 മുതൽ മാറുന്ന പ്രധാന സാമ്പത്തിക-പൊതു നിയമങ്ങൾ താഴെ പറയുന്നവയാണ്:
1. പാസ്‌പോർട്ട് ഫീസ് വർദ്ധിച്ചു
വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് ഇനി ചെലവേറും. രാജ്യത്തിനകത്തും വിദേശത്തുമുള്ള സാധാരണ, തത്കാൽ പാസ്‌പോർട്ട് അപേക്ഷകർക്കുള്ള പ്രൊസസിങ് ഫീസിൽ വിദേശകാര്യ മന്ത്രാലയം വർദ്ധനവ് വരുത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
2. ആധാർ കാർഡിൽ ഇ-മെയിൽ പുതുക്കൽ ഇനി സൗജന്യം
ആധാർ ഉപഭോക്താക്കൾക്ക് വലിയൊരു ആശ്വാസ വാർത്തയുമായാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എത്തിയിരിക്കുന്നത്. ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസം പുതുക്കുന്നതിനുള്ള ₹75 ഫീസ് താൽക്കാലികമായി ഒഴിവാക്കി. ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴി ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള ആറ് മാസത്തേക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും.
3. ബാങ്കുകളുടെ തെറ്റിദ്ധരിപ്പിച്ചുള്ള വിപണനത്തിന് ആർബിഐ കടിഞ്ഞാൺ
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അല്ലെങ്കിൽ നിർബന്ധിച്ച് ഇൻഷുറൻസ് പോലുള്ള മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങൾ ബാങ്കുകൾ വിൽക്കുന്നത് (Mis-selling) തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കർശന നടപടികൾ സ്വീകരിക്കുന്നു. പുതിയ നിയമപ്രകാരം, ബാങ്കുകൾ തെറ്റായ രീതിയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി ബോധ്യപ്പെട്ടാൽ ഉപഭോക്താവിന് മുഴുവൻ തുകയും തിരികെ നൽകാനും ഒപ്പം ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകാനും ബാങ്കുകൾ ബാധ്യസ്ഥരായിരിക്കും. കൂടാതെ പ്രൊമോഷണൽ കോളുകൾ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു.
4. റെയിൽവേയിൽ കടുത്ത പിഴകൾ
യാത്രക്കാരുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പിഴത്തുകകൾ കുത്തനെ കൂട്ടി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനുള്ള പിഴ ₹500 ആയി ഉയരും. ട്രെയിനിലെ വനിതാ കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ₹2500 വരെ പിഴ ഈടാക്കാം. കൂടാതെ, ട്രെയിനിൽ ലൈസൻസില്ലാതെ കച്ചവടം നടത്തിയാൽ ₹2000-വും, അപകടകരമായ വസ്തുക്കൾ കൊണ്ടുപോയാൽ കുറഞ്ഞത് ₹10,000 വരെയും പിഴ ഈടാക്കും.
5. ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ പരിഷ്കാരം
എച്ച്ഡിഎഫ്സി ബാങ്ക് (HDFC): ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് വിമാനത്താവളങ്ങളിലെ സൗജന്യ ആഭ്യന്തര ലോഞ്ച് ആക്സസ് (Complimentary Lounge Access) ലഭിക്കണമെങ്കിൽ, തൊട്ടുമുമ്പത്തെ കലണ്ടർ പാദത്തിൽ (Quarter) കുറഞ്ഞത് ₹60,000 എങ്കിലും കാർഡ് ഉപയോഗിച്ച് ചെലവഴിച്ചിരിക്കണം.
എസ്ബിഐ കാർഡ് (SBI Card): തെരഞ്ഞെടുത്ത ഫോൺപേ എസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ (PURPLE, SELECT BLACK) റിവാർഡ് പോയിന്റ് ഘടന ജൂലൈ 1 മുതൽ മാറും. ചില പ്രത്യേക ഇടപാടുകൾക്ക് ഇനി മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.
6. എൽപിജി, സിഎൻജി നിരക്കുകൾ
എല്ലാ മാസത്തെയും ഒന്നാം തീയതിയിലെപ്പോലെ പൊതുമേഖലാ എണ്ണക്കമ്പനികൾ വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെയും സിഎൻജി, പിഎൻജി എന്നിവയുടെയും വില പുതുക്കി നിശ്ചയിക്കും. അതോടൊപ്പം, ജൂൺ 30-നകം എൽപിജി കണക്ഷനുകളുടെ ഇ-കെവൈസി (e-KYC) പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
7. ഐടിആർ ഫയലിംഗ് (ITR Deadline)
ശമ്പളക്കാരായ ജീവനക്കാരും ഓഡിറ്റിങ് ആവശ്യമില്ലാത്തവരുമായ നികുതിദായകർ ITR-1, ITR-2 ഫോമുകൾ വഴി തങ്ങളുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ഈ സമയപരിധി കഴിഞ്ഞാൽ വലിയ തുക പിഴയായി നൽകേണ്ടി വരും.



