Kerala

കരാർ കമ്പനിക്ക് ഗുരുതര വീഴ്ച; ഉത്തരവ് ലംഘിച്ച് കായൽ മണൽ ഉപയോഗിച്ചതായി കണ്ടെത്തൽ

ആലപ്പുഴ: ദേശീയപാത 66-ൽ ചേർത്തല പതിനൊന്നാം മൈൽ മേൽപ്പാലത്തിൽ വൻ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അധികൃതർ കണ്ടെത്തി. സർക്കാർ ഉത്തരവുകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് കമ്പനി ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

​ഭൂമി നികത്താൻ മാത്രമേ കായൽ മണൽ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശനമായ നിർദ്ദേശവും ഉത്തരവും നിലനിൽക്കെ, ഇത് പൂർണ്ണമായി അവഗണിച്ചുകൊണ്ട് കരാർ കമ്പനി മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് കായൽ മണൽ വ്യാപകമായി ഉപയോഗിക്കുകയായിരുന്നു. കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ മണലിന് റോഡ് നിർമ്മാണത്തിന് ആവശ്യമായ ഉറപ്പില്ല. ശക്തമായ മഴ പെയ്തതോടെ പാർശ്വഭിത്തികളിലെ ഇന്റർലോക്ക് കട്ടകളുടെ വിടവിലൂടെ മണ്ണ് ഒലിച്ചുപോവുകയും, ഇതേത്തുടർന്ന് റോഡ് 12 അടിയോളം താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

​കഴിഞ്ഞദിവസം വൈകിട്ട് വാഹനങ്ങൾ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് ഈ വൻ ഗർത്തം രൂപപ്പെട്ടത്. തുടർന്ന് അധികൃതരെത്തി രാത്രിയോടെ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴി താൽക്കാലികമായി അടച്ചെങ്കിലും നാട്ടുകാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അശാസ്ത്രീയമായ നിർമ്മാണ രീതിക്കെതിരെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവിനെതിരെയും അന്വേഷണം വേണമെന്ന ആവശ്യവുമായി ജനങ്ങളും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

See also  പാർട്ടി പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്, കേരളത്തിൽ തുടരാൻ അവസരം നൽകണം: അബിൻ വർക്കി

Related Articles

Back to top button