Kerala

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി ശ്രമിച്ചു; പിണറായി തടഞ്ഞു, വി.ഡി സതീശൻ എത്തി മാറ്റി: ഗുരുതര ആരോപണവുമായി കെ.കെ രാഗേഷ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റാൻ അദാനി ഗ്രൂപ്പ് മുൻപ് ശ്രമം നടത്തിയിരുന്നുവെന്നും, എന്നാൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അത് തടയുകയാണുണ്ടായതെന്നും കെ.കെ. രാഗേഷ് തന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടൻ തന്നെ ദിവ്യയ്ക്ക് സ്ഥാനചലനമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

​വിഴിഞ്ഞം കരാറിൽ നിന്നും മാറിയുള്ള അദാനിയുടെ നീക്കങ്ങളെ തടഞ്ഞ് സംസ്ഥാന താത്പര്യത്തിന് മുൻഗണന നൽകിയ ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യർ. അതിനാൽ അദാനിക്ക് അവരോട് താല്പര്യമുണ്ടായിരുന്നില്ല. ദിവ്യയെ മാറ്റാനുള്ള അദാനിയുടെ നീക്കത്തിന്, ‘ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം’ എന്നായിരുന്നു പിണറായി വിജയൻ നൽകിയ മറുപടി. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റയുടൻ ഈ ഉദ്യോഗസ്ഥയെ തൽസ്ഥാനത്ത് നിന്ന് മാറ്റി.

​വി.ഡി. സതീശൻ മംഗളൂരുവിൽ പോയി അദാനി സംഘത്തെ കണ്ടതിന്റെ ഫലമാണ് ഇപ്പോൾ സംസ്ഥാനത്ത് സംഭവിക്കുന്നത്. മുഖ്യമന്ത്രി ധനകാര്യത്തോടൊപ്പം തുറമുഖ വകുപ്പ് കൂടി ഏറ്റെടുത്തത് യാദൃച്ഛികമല്ല. സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയാക്കി നിയമിച്ചതിന് പിന്നാലെ, വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി കൈമാറിക്കൊണ്ടുള്ള കരാറിൽ അദാനി ഒപ്പുവെച്ചു. ഭരണം ആർ.എസ്.എസിന് പണയപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ, പൊതുമുതൽ അദാനിക്ക് തീറെഴുതാനുള്ള എല്ലാ ഇടപാടുകളും കഴിഞ്ഞതായും കെ.കെ രാഗേഷ് ആരോപിച്ചു.

See also  ആർഎസ്എസിന്റെ ഭാരതാംബക്ക് മുന്നിൽ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം

Related Articles

Back to top button