ജനകീയ സമരം 110-ാം ദിവസത്തിലേക്ക്; ബദൽ സമരപ്പന്തൽ പൊളിച്ച് കർമ്മസമിതി മാപ്പ് പറയണമെന്ന് നാട്ടുകാർ; പ്രതിഷേധം ഇരമ്പുന്നു

നീലേശ്വരം: ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നീലേശ്വരം മാർക്കറ്റ് ജംങ്ഷനിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആകാശപാത (എലിവേറ്റഡ് ഫ്ലൈഓവർ) സമരം ശക്തമായ ജനപിന്തുണയോടെ 110 ദിവസം പിന്നിട്ടിരിക്കുകയാണ്. നാടിന്റെ നിലനിൽപ്പിനായുള്ള ഈ ജനകീയ പോരാട്ടത്തിന്റെ വീര്യം കെടുത്താൻ ബദലായി കർമ്മസമിതി നീലേശ്വരം നഗരത്തിൽ സ്ഥാപിച്ച സമരപ്പന്തൽ ഉടൻ തന്നെ പൊളിച്ചുമാറ്റണമെന്നും, ജനങ്ങളെ വഞ്ചിച്ചതിന് കർമ്മസമിതി പ്രവർത്തകർ പൊതുസമൂഹത്തിന് മുന്നിൽ പരസ്യമായി മാപ്പ് പറയണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
വികസന മുരടിപ്പിനെതിരെ കൃത്യമായ ലക്ഷ്യത്തോടെ ജനകീയ സമരസമിതി രംഗത്തിറങ്ങി ഒരു മാസം പിന്നിട്ട ശേഷമാണ് കർമ്മസമിതി രംഗപ്രവേശം ചെയ്തത്. ജനകീയ സമരസമിതിയുടെ പ്രവർത്തനങ്ങൾ പൊളിക്കുക എന്നത് മാത്രമായിരുന്നു നഗരമധ്യത്തിൽ പന്തലുയർത്തിയ കർമ്മസമിതിയുടെ യഥാർത്ഥ ലക്ഷ്യമെന്ന് ഇപ്പോൾ സ്വന്തം അണികൾ തന്നെ തുറന്നുസമ്മതിക്കുന്നു.
ലക്ഷങ്ങൾ പൊടിച്ച ഡൽഹി യാത്രയും സംശയ നിഴലിൽ
നീലേശ്വരം പുഴ മുതൽ പോലീസ് സ്റ്റേഷൻ വരെ ആകാശപാത വേണമെന്ന ആവശ്യവുമായി സ്ഥലം എം.പി, മുൻ എം.പി, നഗരപിതാവ് എന്നിവരടങ്ങുന്ന സർവ്വകക്ഷി സംഘം ലക്ഷങ്ങൾ പൊടിച്ച് ഡൽഹിയിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാൽ അവിടെയെത്തി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞ തടസ്സവാദങ്ങൾ അതേപടി കേട്ട്, ശക്തമായ ഒരു സമ്മർദ്ദം പോലും ചെലുത്താനാകാതെ വെറും കയ്യോടെ തിരിച്ചുവന്ന കർമ്മസമിതിയുടെ നീക്കങ്ങൾ ഇപ്പോൾ വലിയ സംശയത്തിന്റെ നിഴലിലാണ്. “എന്ത് ലക്ഷ്യത്തിനാണ്, ഏത് ആവശ്യവുമായാണ് നമ്മൾ ലക്ഷങ്ങൾ ചെലവഴിച്ച് ഡൽഹിക്ക് പോയത്?” എന്ന് സ്വന്തം അണികൾ തന്നെ ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
പന്തൽ പൊളിച്ചുമാറ്റി പിൻവാങ്ങണമെന്ന് നാട്ടുകാർ
ദേശീയ തലത്തിൽ വരെ ചർച്ചയായ ജനകീയ സമരസമിതിയുടെ പ്രവർത്തനങ്ങളെയും നാട്ടുകാരുടെ വികാരത്തെയും അട്ടിമറിക്കാൻ ജനപ്രതിനിധികളെ കൂട്ടുപിടിച്ച് നടത്തിയ ഇത്തരം ഒളിച്ചുകളികൾ നീലേശ്വരത്തെ പ്രബുദ്ധരായ ജനങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞു കഴിഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടിയുടച്ച് രണ്ടര മാസക്കാലമായി സമര പ്രഹസനം നടത്തിയ കർമ്മസമിതി, ജനകീയ സമരത്തിന് ബദലായി കെട്ടിയുയർത്തിയ സമരപ്പന്തൽ എത്രയും വേഗം പൊളിച്ചുമാറ്റി പിൻവാങ്ങണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
നാടിനെ മതിൽക്കെട്ടി വേർതിരിക്കുന്ന അശാസ്ത്രീയ നിർമ്മാണത്തിനെതിരെ 110 ദിവസമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ട വീര്യവുമായി നീങ്ങുന്ന ജനകീയ സമരസമിതിയുടെ പ്രതിഷേധങ്ങളെ തകർക്കാൻ ഇനി ആര് ശ്രമിച്ചാലും നീലേശ്വരം കീഴടങ്ങില്ലെന്ന് നാട്ടുകാർ പ്രഖ്യാപിച്ചു. ഒത്തുകളി രാഷ്ട്രീയക്കാരെ പൂർണ്ണമായി മാറ്റിനിർത്തി, ന്യായമായ ആകാശപാത യാഥാർത്ഥ്യമാകുന്നതുവരെ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.



