മൈലാഞ്ചിയെന്ന് കരുതി ചന്ദനമരം വെട്ടിമാറ്റി; ദേവസ്വം ബോർഡ് ആസ്ഥാനത്ത് കരാർ തൊഴിലാളികളുടെ ‘വലിയ പിഴവ്’

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നിരുന്ന വിലപിടിപ്പുള്ള ചന്ദനമരം കരാർ തൊഴിലാളികൾ വെട്ടിമാറ്റി. മരത്തിന്റെ ഇലകൾ കണ്ട് ഇത് മൈലാഞ്ചി മരമാണെന്ന് തെറ്റിദ്ധരിച്ചാണ് വെട്ടിയതെന്നാണ് തൊഴിലാളികളുടെയും കരാറുകാരന്റെയും വിശദീകരണം. തിരുവനന്തപുരം നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ കാന്റീൻ കോമ്പൗണ്ടിലാണ് സംഭവം.
കാന്റീന്റെ അറ്റകുറ്റപ്പണികൾക്കും കോമ്പൗണ്ട് ശുചീകരണത്തിനുമായി എത്തിയതായിരുന്നു കരാർ തൊഴിലാളികൾ. കാന്റീന് സമീപം നിന്നിരുന്ന ചന്ദനമരത്തിന്റെ വലിയൊരു ശിഖരം താഴേക്ക് വീഴാറായ നിലയിലായിരുന്നു. തുടർന്ന് അപകടാവസ്ഥ ഒഴിവാക്കാനായി ഇത് മുറിച്ചു മാറ്റുകയാണെന്ന് തൊഴിലാളികൾ കരാറുകാരനെ അറിയിച്ചു. എന്നാൽ ചന്ദനമരത്തിന്റെ ഇലകൾക്ക് മൈലാഞ്ചി ഇലകളുമായി സാദൃശ്യമുള്ളതിനാൽ ഇത് മൈലാഞ്ചി മരമാണെന്ന് തെറ്റിദ്ധരിച്ചാണ് തൊഴിലാളികൾ കോടാലി വച്ചത്.
മരം മുറിക്കുന്നത് കണ്ട് സംശയം തോന്നിയ ദേവസ്വം ബോർഡ് ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് വെട്ടിയത് കോടികൾ വിലമതിക്കുന്ന ചന്ദനമരമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ അധികൃതർ ഇടപെട്ട് ഉടൻ തന്നെ മരംമുറി തടഞ്ഞു.
ചട്ടപ്രകാരം രാജരാജേശ്വരി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ആസ്ഥാനത്തെ മരങ്ങളോ ചില്ലകളോ മുറിക്കാൻ പാടുള്ളൂ. എന്നാൽ ആരുടെയും അനുമതി വാങ്ങാതെയായിരുന്നു ഈ നടപടി.
സംഭവമറിഞ്ഞ് ഉള്ളൂർ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറും സബ്ഗ്രൂപ്പ് ഓഫീസറും സ്ഥലത്തെത്തി മഹസർ രേഖപ്പെടുത്തി. മുറിച്ച ചന്ദനത്തടികൾ നിലവിൽ സുരക്ഷിതത്വത്തിനായി ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് പിന്നീട് വനംവകുപ്പിന് കൈമാറാനാണ് തീരുമാനം. അറിവില്ലായ്മ കൊണ്ട് സംഭവിച്ച പിഴവാണെന്ന് തൊഴിലാളികൾ പറയുമ്പോഴും, അതീവ സുരക്ഷയുള്ള ബോർഡ് ആസ്ഥാനത്ത് നടന്ന മരംമുറിയിൽ കൂടുതൽ അന്വേഷണം നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.



