“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സി.പി.എമ്മിലെ ഭിന്നതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിൽ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. “എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും, നിങ്ങൾ ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല” എന്നായിരുന്നു ചോദ്യങ്ങളോട് പിണറായി വിജയൻ പ്രതികരിച്ചത്.
നേരത്തെ കേരള ഹൗസിൽ നിന്ന് സുർജിത് ഭവനിലേക്ക് പോകുന്നതിനിടയിലും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചൊടിച്ചിരുന്നു. കാറിൽ കയറുന്നതിനിടെ ‘കാൽ എടുക്കുന്നതിന് മുൻപ് കാറിന്റെ ഡോർ അടയ്ക്കുകയാണോ’ എന്ന് ചോദിച്ചായിരുന്നു അദ്ദേഹം ദേഷ്യപ്പെട്ടത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് എം.എസ്.സിക്ക് (MSC) കൈമാറാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പിണറായി വിജയൻ നിയമസഭയിൽ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് കരാർ വ്യവസ്ഥകളുടെയും സെബി (SEBI) നിർദേശങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സെബിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിഷയത്തിൽ സി.പി.എം നേതാക്കൾക്കിടയിലുള്ള ഭിന്നത പരസ്യമായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് കടുത്ത അമർഷം പ്രകടിപ്പിച്ചത്.



