Kerala

നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോമിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം ആശ്വാസകരമായ വിധി പ്രസ്താവിച്ചത്.

​സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ, മതം പറഞ്ഞ് അധിക്ഷേപിക്കൽ (വർഗീയ പരാമർശം), വ്യാജ പ്രചാരണം, ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കടവന്ത്ര പോലീസ് നടനെതിരെ കേസെടുത്തിരുന്നത്. കേസിൽ പോലീസ് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളെ തുടർന്നാണ് ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

​നേരത്തെ, അൻസിബ നൽകിയ പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കേസ് എടുക്കാൻ കഴിയില്ലെന്നും കാണിച്ച് കടവന്ത്ര പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഈ വാദങ്ങൾ പൂർണ്ണമായി തള്ളിയ കോടതി, പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിക്കുകയും കേസെടുക്കാൻ കർശന നിർദേശം നൽകുകയുമായിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് ജൂലൈ ആദ്യവാരം കടവന്ത്ര പോലീസ് നടനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

​തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നും ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചെന്നും കാണിച്ച് അമ്മ (AMMA) ഭാരവാഹിയായിരുന്ന അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ടിനി ടോം തുടക്കം മുതൽ നിഷേധിച്ചിരുന്നു. കേസന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥകളോടെയാണ് ഇപ്പോൾ കോടതി നടന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

See also  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Related Articles

Back to top button