യുഡിഎഫ് സർക്കാരിനെതിരെ സമസ്ത മുഖപത്രം; നിലപാട് ഇരട്ടത്താപ്പെന്ന് വിമർശനം

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. വഖഫ് വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റേത് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ നിലപാടാണെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
ബിജെപി നേതാവ് നൽകിയ ഹർജിയെ കോടതിയിൽ സർക്കാർ പിന്തുണച്ചത് ആരുടെ താല്പര്യപ്രകാരമാണെന്ന് മുഖപത്രം ചോദ്യം ഉന്നയിക്കുന്നുണ്ട്. വഖഫ് ബോർഡ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജികളെക്കുറിച്ച് കോടതിയിൽ ചൂണ്ടിക്കാണിക്കാൻ സർക്കാർ തയ്യാറാകാത്തത് ഗുരുതര വീഴ്ചയാണെന്നും ‘സുപ്രഭാതം’ നിരീക്ഷിക്കുന്നു.
വാക്ക് പാലിക്കാനുള്ളതാണെന്ന് നിരന്തരം അവകാശപ്പെടുന്ന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് വലിയ ഇരട്ടത്താപ്പാണ്. വി.ഡി. സതീശൻ സർക്കാരിന്റെ മതേതര പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിക്കുന്ന രീതിയിലാണ് ഈ വിഷയത്തിൽ അധികൃതർ ഇടപെട്ടതെന്നും സമസ്ത മുഖപത്രം തുറന്നടിച്ചു.
കേന്ദ്ര നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന വഖഫ് മന്ത്രി എൻ. ഷംസുദ്ദീന്റെ വിശദീകരണത്തിന് പിന്നാലെയാണ്, സർക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സമസ്തയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിരിക്കുന്നത്. വഖഫ് ബോർഡിൽ മുസ്ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നീക്കങ്ങൾക്കെതിരെ സമസ്തയിലെ വിവിധ നേതാക്കൾ നേരത്തെ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. വഖഫ് പുനഃസംഘടനയിൽ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ സിപിഐഎമ്മും രംഗത്തുണ്ട്.



