Kerala

ഡോക്‌ടർ റാമിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണ സംഘം; തെരച്ചിൽ കർണാടകയിലേക്കും ആന്ധ്രയിലേക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. മൂന്ന് മാസമായി ഒളിവിലുള്ള ഡോ. റാമിനായി ബംഗളൂരുവിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലും അന്വേഷണം ഊർജ്ജിതമാക്കിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. റാമിന്റെ ബന്ധുക്കൾ താമസിക്കുന്ന ബംഗളൂരുവിലെ ഫ്ലാറ്റിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.

​പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് തെരച്ചിൽ ശക്തമാക്കിയത്. ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷണ സംഘത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രതിക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് കോടതി നടത്തിയത്. വിദ്യാർത്ഥികളോട് അധ്യാപകർ ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നും, സഹപാഠികൾക്ക് മുന്നിൽ വെച്ച് അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും ഇതിന്റെ പ്രത്യാഘാതം അധ്യാപകർ മനസ്സിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.

​എന്നാൽ കേസിൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവുകളില്ലെന്നുമാണ് റാമിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ ഡോ. റാം തന്നോട് കടുത്ത മാനസിക പീഡനം നടത്തുന്നുണ്ടെന്ന് നിതിൻ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. കേസിൽ പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

See also  പാസ്‌പോർട്ട് വിട്ടുകിട്ടണം; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി ദിലീപ്

Related Articles

Back to top button