അവസാനഘട്ടത്തിൽ കാണിച്ച കുറ്റബോധം മുതലക്കണ്ണീർ; കുറ്റം ആവർത്തിക്കാൻ സാധ്യതയേറെ: നെന്മാറ ഇരട്ടക്കൊലക്കേസിലെ വിധിപ്പകർപ്പ് പുറത്ത്

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകിക്കൊണ്ടുള്ള പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിപ്പകർപ്പിലെ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിക്ക് തന്റെ പ്രവൃത്തിയിൽ യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും അവസാനഘട്ടത്തിൽ പ്രതി പ്രകടിപ്പിച്ച കുറ്റബോധം വെറും ‘മുതലക്കണ്ണീർ’ മാത്രമാണെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നു. പ്രതി സമൂഹത്തിനാകെ വലിയ ഭീഷണിയാണെന്നും കുറ്റം ആവർത്തിക്കാൻ സാധ്യതയേറെയാണെന്നും കോടതി നിരീക്ഷിച്ചു.
അത്യപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്ക് ഏതെങ്കിലും സാഹചര്യത്തിൽ പരോൾ ലഭിക്കുകയാണെങ്കിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും കേസിലെ സാക്ഷികളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. തടഞ്ഞുവെച്ച കുറ്റത്തിന് ഒരു മാസം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു. പിഴയൊടുക്കാതിരുന്നാൽ 10 ദിവസം അധിക തടവ് അനുഭവിക്കണം.
പ്രതി ചെന്താമര സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുന്ന നിലപാടാണ് ഇപ്പോഴും തുടരുന്നത്. ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിളിൽ അടിക്കുമെന്ന രീതിയിലാണ് ഇയാളുടെ പ്രതികരണങ്ങൾ. ഇയാളിൽ മനംമാറ്റത്തിന് യാതൊരു സാധ്യതയുമില്ലെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിലും ചൂണ്ടിക്കാണിക്കുന്നു. ‘എല്ലാ വിശുദ്ധർക്കും ഒരു ഭൂതകാലമുണ്ട്, എല്ലാ കുറ്റവാളികൾക്കും ഒരു ഭാവിയുമുണ്ട്’ എന്ന പൊതുതത്വം നിലനിൽക്കുമ്പോൾ തന്നെ, ഈ പ്രതിയുടെ കാര്യത്തിൽ യാതൊരു മാനസാന്തരവും പ്രതീക്ഷിക്കാനാവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. ഇയാൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്യാട്രി വിഭാഗങ്ങളുടെ വൈദ്യപരിശോധനാ റിപ്പോർട്ടുകൾ ശരിവെച്ചിരുന്നു.
കേസിന്റെ പശ്ചാത്തലം:
2025 ജനുവരി 27-നാണ് പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ജനുവരി 28-ന് രാത്രിയോടെ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. 2026 ഫെബ്രുവരി 23-ന് ആരംഭിച്ച വിചാരണയിൽ ശാസ്ത്രീയമായ തെളിവുകളടക്കം 30-ഓളം രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ഉപയോഗിച്ച കൊടുവാളിന്റെ പിടിയിൽ നിന്നും കൊല്ലപ്പെട്ടവരുടെയും പ്രതിയുടെയും ഡിഎൻഎ (DNA) സാന്നിധ്യം കണ്ടെത്തിയത് കേസിൽ നിർണായക തെളിവായി മാറി. ജൂലൈ 13-നാണ് കോടതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.



