തൊടുപുഴയിൽ പോലീസിനെ തടഞ്ഞ നാട്ടുകാർക്കെതിരെ കേസ്: പോലീസിന്റെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു

തൊടുപുഴ: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന ആരോപണത്തെത്തുടർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച നാട്ടുകാർക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ പോലീസ് കേസ് എടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെ മുന്നൂറോളം പേർക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് തൊടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ ജനങ്ങൾ തടിച്ചുകൂടിയ മങ്ങാട്ടുകവലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കരിമണ്ണൂർ എസ്.ഐയും ഡ്രൈവറും മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഇവരുടെ ഔദ്യോഗിക വാഹനം തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസിൻ്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ചീട്ടുകെട്ടും കണ്ടെത്തിയിരുന്നു.
എന്നാൽ, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ മദ്യപിച്ചതായി തെളിഞ്ഞിട്ടില്ലെന്നാണ് പോലീസിൻ്റെ ഔദ്യോഗിക വിശദീകരണം. ഇവരുടെ രക്തസാമ്പിളുകൾ വിദഗ്ധ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അതിനുശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടും അതിൽ നടപടിയെടുക്കാതെ, അനീതിക്കെതിരെ പ്രതികരിച്ച ജനങ്ങൾക്കെതിരെയും ജനപ്രതിനിധികൾക്കെതിരെയും വ്യാജ കേസ് ചുമത്തി ഭയപ്പെടുത്താനാണ് ശ്രമമെന്ന് നാട്ടുകാരും പ്രാദേശിക നേതാക്കളും ആരോപിക്കുന്നു. സംഭവത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം.



