മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളിലൊരാളായ ഗുജറാത്ത് സ്വദേശി കബീൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായി.സൈബര്‍ ഓപ്പറേഷൻ വിങാണ് തട്ടിപ്പ് കണ്ടെത്തിയത്.കേസിൽ ഇതുവരെ 18 പേരാണ് പിടിയിലായത്. സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ ആകാശ് ദീപ് ചൗധരിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികൾ താമസിച്ചിരുന്ന വീടുകളിൽ കൂടുതൽ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഹാർഡ് ഡിസ്കുകളും ഡിജിറ്റൽ തെളിവുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശ്രീധർ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഓൺലൈൻ ലോൺ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഗുജറാത്ത് ആസ്ഥാനമായുള്ള സ്ഥാപനമാണിത്. കൺസൾട്ടൻസി സർവീസുകൾ, സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്, ഹാർഡ് വെയർ മാനുഫാക്ചറിങ് എന്നിവയുടെ മറവിൽ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
‘തൂഫാൻ’ ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കോൾസെന്റർ മാതൃകയിൽ രാത്രികാലങ്ങളിലായിരുന്നു പ്രവർത്തനം. പിടിയിലായവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശ് സ്വദേശികളാണ്. ആകാശ് ദീപ് ചൗധരിയുടെ പേരിൽ പോങ്ങുംമൂട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്.വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചശേഷം ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് കേസ്. നേരത്തെ ഉള്ളൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഒന്നര മാസം മുൻപാണ് പോങ്ങുംമൂട്ടിലേക്ക് മാറ്റിയത്. സമാന രീതിയിലുള്ള ശാഖകൾ മറ്റ് സ്ഥലങ്ങളിലും പ്രവർത്തിച്ചിരുന്നോയെന്നും സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി എത്രയാണെന്നും പോലീസ് അന്വേഷണം തുടരുകയാണ്



