എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ് സമരം ശക്തമാക്കുന്നു; സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം പ്രഖ്യാപിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ 24 ദിവസമായി സമരം തുടരുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു. സമരം നിരാഹാരത്തിലേക്ക് മാറ്റാനാണ് സമരസമിതിയുടെ തീരുമാനം.വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്തിയെന്നും, നിയമന നടപടികൾക്കായി രണ്ട് മാസത്തെ സാവകാശം ആവശ്യപ്പെട്ടെന്നുമുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ഇത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സമരസമിതി വ്യക്തമാക്കി.
സർക്കാർ ഡൽഹിയിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കായി ഇടപെടുമ്പോൾ സ്വന്തം സംസ്ഥാനത്തെ ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും സമരക്കാർ വിമർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യങ്ങൾ അറിയിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.



