നവജാത ശിശുവിനെ വിറ്റ കേസിൽ ഇടനിലക്കാരി അറസ്റ്റിൽ; അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

കോട്ടയം: ഈരാറ്റുപേട്ടയിൽ മാസങ്ങൾക്കുമുമ്പ് നടന്ന നവജാതശിശു വിൽപ്പനയുമായി ബന്ധപ്പെട്ട് കൊല്ലം പരവൂർ കുറുമണ്ടൽ സ്വദേശിനി അനീന തെൻസി (26) പിടിയിൽ. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഈരാറ്റുപേട്ട കോടതി റിമാൻഡ് ചെയ്തു. കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരിയാണ് അനീനയെന്നാണ് പോലീസ് നിഗമനം.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. മറ്റു രണ്ടു യുവതികൾ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ കൈമാറ്റം നിയമവിരുദ്ധമായാണ് നടന്നതെന്നും കേരളത്തിൽ തന്നെയാണ് വിൽപ്പന നടത്തിയതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
മുൻപ് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി മുപ്പിളി രാജ, ഇടുക്കി സ്വദേശി കെ.എസ്. അർജുൻ എന്നിവരുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിലൂടെയാണ് അനീനയെക്കുറിച്ച് സൂചന ലഭിച്ചത്. നിലവിലെ കേസിന് പുറമേ കുഞ്ഞിനെ വിറ്റ സംഭവത്തിൽ പുതിയൊരു എഫ്.ഐ.ആർ കൂടി പോലീസ് രജിസ്റ്റർ ചെയ്യും.
പ്രസവത്തിനുശേഷം കുഞ്ഞിനെ മൂന്നുലക്ഷം രൂപയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞുവെച്ച സംഘത്തിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയായ ഗർഭിണിയുടെ വെളിപ്പെടുത്തലാണ് ക്രൂരമായ ഈ സംഭവം പുറത്തുകൊണ്ടുവന്നത്. പരാതിക്കാരി നൽകിയ മൊഴി പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു വ്യക്തമാക്കി. എന്നാൽ ഇവരുടെ ബന്ധുക്കളെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
ഭരണങ്ങാനത്തുള്ള മറ്റു മൂന്നു സ്ത്രീകൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സൂചന. സംസ്ഥാനതലത്തിൽ കണ്ണികളുള്ള വലിയൊരു സംഘമാണോ ഇതിനു പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നിലവിൽ അറസ്റ്റിലായവർ തന്നെയാണ് പ്രധാന പ്രതികളെന്നാണ് നിഗമനം. പാലാ ഡിവൈ.എസ്.പി. കെ. സദന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



