Kerala

സി.പി. ജോണിന്റെ വിവാദ പരാമർശം: കോൺഗ്രസിലും കടുത്ത അമർഷം; വിഷയം ഇന്ന് മന്ത്രിസഭായോഗത്തിൽ ചർച്ചയായേക്കും

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത മന്ത്രി സിപി ജോണിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം തുടരുന്നു. കേരളത്തിലെ സ്ത്രീകളെയാകെ സി പി ജോൺ അപമാനിച്ചു എന്നാണ് ഇടതുമുന്നണിയുടെയും ബിജെപിയുടെയും വിമർശനം. മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളും നടന്നു. കോൺഗ്രസിലും മന്ത്രിയുടെ പരാമർശത്തിൽ അമർഷം പുകയുന്നുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗത്തിലും ഇക്കാര്യം ചർച്ചയായേക്കും.

പരാമർശം തള്ളി കോൺഗ്രസ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു. വൻ ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നുവെന്നായിരുന്നു അധിക്ഷേപം. മന്ത്രിയുടേത് നാക്കുപിഴയല്ലെന്നും വ്യക്തമായത് യുഡിഎഫ് സർക്കാരിന്റെ നയസമീപനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ശാക്തീകരിച്ച മലയാളി സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.

പ്രകടന പത്രികയിലെ ഗ്യാരൻറികളിൽ ഒന്ന് പ്രാവർത്തികമാക്കിയെന്ന് സർക്കാർ ഊറ്റം കൊളളുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമർശം. പദ്ധതി ഉപയോഗപ്പെടുത്തുന്നവരെ കുറിച്ചുളള മന്ത്രിയുടെ മനോഭാവം വ്യക്തമാക്കുന്ന പ്രതികരണം വലിയ വിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അധിക്ഷേപ പരാമർശം വിവാദമായിട്ടും തെറ്റ് മനസിലാക്കാതെ മന്ത്രി നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

See also  സിപിഐ സംസ്ഥാന സമ്മേളനം നാളെ മുതൽ; കെഇ ഇസ്മായിലിന് ക്ഷണമില്ല

Related Articles

Back to top button