Kerala

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി; കർശന നടപടിയുണ്ടാകും

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്. എന്നാൽ അതിൻ്റെ മറവിൽ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിർമ്മാണപ്രവൃത്തികളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

പാറ പൊട്ടിക്കലിന് അനുമതി നൽകിയിട്ടില്ല. ആരും അറിയാതെ ആണ് പാറ പൊട്ടിച്ചത്. മുൻപ് പാറ പൊട്ടിച്ചപ്പോൾ തന്നെ നാട്ടുകാരും മറ്റും ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. എന്നാൽ അത് നീക്കിയാണ് വീണ്ടും പാറ പൊട്ടിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ഇടപെടുന്നതിൽ അവർ പരാജയപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ആദ്യപടിയായി അവർക്ക് ഇതിനോടകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഉടമയ്ക്ക് ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ ഉടനീളം അനധികൃതവും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തനങ്ങൾ 100 ശതമാനവും നിർത്തിവെപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അനധികൃത ക്വാറി പ്രവർത്തനങ്ങളും ഇനി അനുവദിക്കില്ല. യാതൊരുവിധത്തിലുള്ള തെറ്റായ പ്രവണതകളും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന. ഇത്തരം ദുരന്തങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കർശനമായ പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രി അറിയിച്ചു.

See also  ലീഡ് 5000ത്തിലേക്ക് ഉയർത്തി ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷം

Related Articles

Back to top button