18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിലെന്ന് കുമ്മനം രാജശേഖരൻ

മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കോടികൾ ചെലവഴിച്ച് നടപ്പാക്കിയ മറൈൻ ആംബുലൻസ് പദ്ധതി സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം പരാജയപ്പെട്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. 2017ലെ ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾ മരിച്ചതിന് പിന്നാലെയാണ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി മറൈൻ ആംബുലൻസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്ലാൻ ഫണ്ട്, ബിപിസിഎൽ CSR ഫണ്ട് എന്നിവയിൽ നിന്നുള്ള 18.24 കോടി രൂപ ചെലവഴിച്ചാണ് കൊച്ചിൻ ഷിപ്യാർഡിൽ മറൈൻ ആംബുലൻസുകൾ നിർമ്മിച്ചത്. ‘പ്രതീക്ഷ’, ‘പ്രത്യാശ’, ‘കാരുണ്യ’ എന്നീ പേരുകളിൽ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ മേഖലകളിൽ ഇവ വിന്യസിച്ചു. എന്നാൽ ബേപ്പൂരിലെ ആംബുലൻസ് എൻജിൻ തകരാറിനെ തുടർന്ന് ദീർഘകാലമായി ഹാർബറിൽ കിടക്കുകയാണ്. റഡാർ, ജിപിഎസ്, ആശയവിനിമയ സംവിധാനങ്ങൾ, ഐആർഎസ് സുരക്ഷാ സർട്ടിഫിക്കേഷൻ, അടിയന്തര വേഗത തുടങ്ങിയവ സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 225 മത്സ്യത്തൊഴിലാളികൾ മരിക്കുകയും 75 പേരെ കാണാതാവുകയും ചെയ്തതായി കുമ്മനം രാജശേഖരൻ പറഞ്ഞു. പ്രവർത്തനരഹിതമായ ബോട്ടുകളിലെ ജീവനക്കാർക്ക് വേതനം നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പദ്ധതിയിൽ സ്വതന്ത്ര വിദഗ്ധ സമിതിയുടെ പരിശോധനയും സമഗ്ര സാമ്പത്തിക ഓഡിറ്റും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



