പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല; അഴുക്കുചാലില്‍: മന്ത്രി കെ എം ഷാജി

പിഎം ശ്രീ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്ക് ചാലിലാണെന്നും അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും തന്റെ വകുപ്പായിരുന്നെങ്കില്‍ പിഎം ശ്രീ തടഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരില്‍ യൂത്ത് ലീഗ് നടത്തിയ ഫ്രീഡം ടോക്ക് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘പിഎം ശ്രീയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായ വിഷയം അറബിക്കടിലേക്ക് എറിയണം എന്ന് പറഞ്ഞതാണ്. എന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ലത്. എന്റെ രാഷ്ട്രീയമാണ് ഞാന്‍ പറഞ്ഞത്. മന്ത്രിയായി കഴിഞ്ഞാല്‍ ആ വകുപ്പിലെ കാര്യം മാത്രമേ പറയാവൂ എന്നില്ലല്ലോ? അധികാരം വന്നതിനാല്‍ അത് അറബിക്കടലിലല്ല, അതിനപ്പുറത്ത് ഒരു അഴുക്ക്ചാലുണ്ടെങ്കില്‍ വലിച്ചെറിയേണ്ടതാണ്. അക്കാര്യത്തില്‍ ഒരഭിപ്രായ വ്യത്യാസവുമില്ല. അഭിപ്രായം മാറ്റാനും പോകുന്നില്ല. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല’ – എന്നാണ് കെ എം ഷാജി പറയുന്നത്.
പദ്ധതിയുമായി യുഡിഎഫ് മുന്നോട്ട് പോകുമ്പോഴും തങ്ങളുടെ നിലപാട് ഇതാണെന്ന് ചൂണ്ടിക്കാട്ടാനാണ് മന്ത്രി ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍. ഇത് വ്യക്തമാക്കാന്‍ മംദാനിയുമായി ബന്ധപ്പെട്ട ഒരു ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവിടെ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു സൊഹ്‌റാന്‍ മംദാനി നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ നെതന്യാഹു ന്യൂയോർക്കിൽ എത്തിയിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അതിന് മംദാനി നല്‍കിയ മറുപടി, തങ്ങളുടെ നിയമസംവിധാനം അത് അനുവദിക്കില്ലെന്നതാണ്. ചിലപ്പോള്‍ അധികാരത്തിലെത്തുമ്പോള്‍ തങ്ങളുടെ നിലപാട് സൗമ്യമാക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അതിനര്‍ത്ഥം തങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം പണയപ്പെടുത്തുകയല്ലെന്നും അദ്ദേഹം മംദാനിയെ ഉദാഹരണമാക്കി അണികളോട് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രതിപക്ഷത്തിരുന്നപ്പോള്‍ കെ എം ഷാജി പറഞ്ഞ വാക്കുകളാണ് വലിയ ചര്‍ച്ചയായത്. പിഎം ശ്രീ അറബിക്കടലിലേക്ക് വലിച്ചെറിയണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നിലവിലത്തെ പ്രതിപക്ഷം ആയുധമാക്കി. പിഎം ശ്രീയുമായി ബന്ധപ്പെട്ട യുഡിഎഫില്‍ അഭിപ്രായവ്യത്യാസം ഉയരുന്നുണ്ട്. ലീഗ് പിഎം ശ്രീയെ എതിര്‍ക്കുമ്പോള്‍, കേന്ദ്ര ഫണ്ട് കൈപ്പറ്റിക്കൊണ്ട് കേന്ദ്ര സിലബസ് നടപ്പിലാക്കാതെ പിഎം ശ്രീയുമായി എങ്ങനെ മുന്നോട്ട് പോകാമെന്നാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് വിവരം.



