Kerala

സിസാ തോമസിന് പൂര്‍ണ്ണ പിന്തുണയുമായി ഗവര്‍ണര്‍; ഡിജിപിയെ വിളിച്ചുവരുത്തി

തിരുവനന്തപുരം: ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കയ്യേറ്റം ചെയ്തുവെന്നുമുള്ള പരാതിയില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിന് പൂര്‍ണ്ണ പിന്തുണയുമായി ഗവര്‍ണര്‍. സിസാ തോമസിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അറ്റ് ഹോം പരിപാടിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സിസാ തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു.

ദേഹോപദ്രവം അടക്കം നേരിടേണ്ടിവന്നുവെന്ന് സിസാ തോമസ് ഗവര്‍ണറെ അറിയിച്ചതായാണ് വിവരം. തുടര്‍ന്ന് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ഗവര്‍ണറുടെ മറുപടി. റിപ്പോര്‍ട്ടിന്മേല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ചാന്‍സലര്‍ ഉറപ്പുനല്‍കി. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും സിസാ തോമസ് പരാതി നല്‍കിയത്.

അതിനിടെ സിസാ തോമസിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാന പൊലീസ് മേധാവിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി. ലോക്ഭവനില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഇതുവരെയുള്ള നടപടികള്‍ ഡിജിപി ഗവര്‍ണറോട് വിശദീകരിച്ചു. ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത് അപൂര്‍വ്വ നടപടിയാണ്.

കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നുമായിരുന്നു സിസാ തോമസിന്റെ പരാതി. തുടര്‍ന്ന് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മെവിന്‍, യദു കൃഷ്ണന്‍, ബേസില്‍, വിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാലടി പൊലീസിന്റേതാണ് നടപടി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നാം തീയതിയായിരുന്നു കാലടി സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തിയിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും സിസ തോമസ് ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു.

See also  പ്രതിഷേധത്തിനിടെ കെ എസ് യു പ്രവർത്തകരുടെ കയ്യേറ്റം; മന്ത്രി വീണ ജോർജിന് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button