20 വർഷത്തിനു ശേഷം ഓണത്തിന് പുത്തൻ പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

ഇരുപതു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഓണത്തിന് പുതിയ പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ. മലയാളികൾ നെഞ്ചേറ്റിയ ‘ബാല്യകാലസ്മൃതികളായി ഓണം’എന്ന മ്യൂസിക് വീഡിയോയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ പുതിയ ഓണപ്പാട്ടാണ് ‘ഓണം വൈബ് 2026’. ‘ഓണം വൈബ് 2026’. മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കാലത്തിനൊത്ത് നിരന്തരം പുതുമ തേടുന്ന അദ്ദേഹത്തിന്‍റെ സമീപനം തന്നെയാണ് ‘ഓണം വൈബ് 2026’ലും പ്രകടമാകുന്നത്. ഓണത്തിന്‍റെ ഗൃഹാതുരതയും ആഘോഷത്തിമിർപ്പും സമന്വയിപ്പിച്ച് ജെൻ സി തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
‘ഭീഷ്മരിലൂടെ’ മലയാളികൾക്ക് സുപരിചിതയായ അമ്മേരയും നടൻ സന്തോഷ് കീഴാറ്റൂരും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീജിത്തും പ്രധാന വേഷത്തിലെത്തുമ്പോൾ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും ഈസ്റ്റ് കോസ്റ്റ് ബാനറിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ടീം ഈസ്റ്റ് കോസ്റ്റ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓണത്തിന്‍റെ തനിമയും കേരളീയ ആഘോഷങ്ങളുടെ വൈവിധ്യവും ദൃശ്യവത്കരിക്കുന്ന മ്യൂസിക് വീഡിയോയിൽ ഇരുന്നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം വിവിധ ഓണക്കളികളും കേരളീയ കലാരൂപങ്ങളും അണിനിരക്കുന്നുണ്ട്. ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ശാന്തി മാസ്റ്റര്‍ ആണ്.
ഛായാഗ്രഹണം : എല്‍ദോ ഐസക്, യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയുടെ ഓഡിയോ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
സിനിമാഗാനങ്ങളേക്കാൾ ജനപ്രിയമായ പ്രണയ ഗാനങ്ങളിലൂടെയാണ് ഈസ്റ്റ്കോസ്റ്റ് വിജയൻ മലയാളികൾക്ക് സുപരിചിതനായി മാറിയത്. അനുരാഗസങ്കൽപ്പമായി മാറിയ നിനക്കായ് , ആദ്യമായ് , ഓർമ്മക്കായ് , സ്വന്തം, ഇനിയെന്നും,‘എന്നെന്നും, വീണ്ടും തുടങ്ങിയ ആൽബങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.
സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസലുകൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, കവിതകൾ, ഓണപ്പാട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന സംഗീതശാഖകളിലേക്കും ഈസ്റ്റ് കോസ്റ്റ് ബാനർ കടന്നുചെന്നു. ഓരോ വിഭാഗത്തിലും വേറിട്ടൊരു ആസ്വാദകവൃന്ദത്തെ സ്വന്തമാക്കാനും ഈസ്റ്റ് കോസ്റ്റിന് കഴിഞ്ഞു.



