ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ഉത്രാടത്തിന് മുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നീക്കം

ആറന്മുളയിലെ പൈതൃകമായ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. തോണിയിൽ ദ്വാരം വീണ് വെള്ളം കയറിയാണ് തകരാറിലായത്. ദേവസ്വം ബോർഡിന്റെ കൃത്യമായ പരിചരണക്കുറവാണ് തോണിക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമെന്നാണ് ഉപദേശക സമിതിയുടെയും നാട്ടുകാരുടെയും ആരോപണം.
കാട്ടൂർ മനയിലെ കാരണവർ തിരുവാറന്മുളയപ്പന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായെത്തുന്നതാണ് തിരുവോണത്തോണി. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള തോണി ആറന്മുള ക്ഷേത്രക്കടവിന് സമീപത്തെ തോണിപ്പുരയിലാണ് സൂക്ഷിച്ചിരുന്നത്.പ്രളയകാലത്ത് തോണി പുറത്തിറക്കി കടവിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് തോണിയിൽ ദ്വാരം വീണ് വെള്ളം കയറിയത്. തുടർന്ന് പമ്പയാറ്റിൽ തോണി മുങ്ങുകയായിരുന്നു.
തോണിയിലെ മണ്ഡപത്തിന്റെ മകുടം ഇളകിപ്പോവുകയും ആണിത്തറയ്ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് അധികൃതർ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം.ശില്പി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ തോണി കരയിലെത്തിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കി ഉത്രാടത്തിന് മുമ്പ് തിരുവോണത്തോണി പൂർണ സജ്ജമാക്കാനാണ് നീക്കം.



