Kerala

പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എൽഡിഎഫ്

തൃശ്ശൂർ: തൃശ്ശൂർ പാറളം ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണസമിതിക്ക് ഭരണം നഷ്ടമായി. ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് (സിപിഐ, സിപിഎം) പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്.

​ആകെ 17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്തിൽ ബിജെപിക്കും യുഡിഎഫിനും 6 വീതം അംഗങ്ങളും എൽഡിഎഫിന് 5 അംഗങ്ങളുമാണുള്ളത് (സിപിഐ-3, സിപിഎം-2). തെരഞ്ഞെടുപ്പിന് ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് ചരിത്രത്തിലാദ്യമായി പാറളത്ത് ബിജെപിയ ഭരണത്തിലേറിയത്.

​ഭരണം ഏഴ് മാസം പിന്നിട്ടപ്പോഴാണ് ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ മതേതര ചേരിയായി ഒന്നിക്കണമെന്ന് വ്യക്തമാക്കി യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ എൽഡിഎഫ് വോട്ടെടുപ്പിൽ പിന്തുണച്ചതോടെ ബിജെപി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്ഥാനം നഷ്ടമായി.

തൃശൂർ ജില്ലയിൽ ബിജെപിക്ക് ഭരണമുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകളിൽ ഒന്നായിരുന്നു പാറളം. ‘ഇൻഡ്യ’ മുന്നണിയുടെ മാതൃകയിലാണ് എൽഡിഎഫും യുഡിഎഫും ഇവിടെ ബിജെപിക്കെതിരെ കൈകോർത്തത്. എൽഡിഎഫും യുഡിഎഫും ഒന്നാണെന്നും ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ട് ഇതിലൂടെ മറനീക്കി പുറത്തുവന്നെന്നും ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.

See also  പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Related Articles

Back to top button