Kerala

കുടുംബത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; സമഗ്ര അന്വേഷണവും നടപടിയും ഉറപ്പുനൽകി

ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പിൽ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഷൗക്കത്തിന്റെ ബന്ധുവുമായി സംസാരിച്ച മുഖ്യമന്ത്രി, ആരോപണങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ ഏജന്റുമാരുടെ ഇടപെടൽ അവസാനിപ്പിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടി.പി. അഷ്റഫലി പറഞ്ഞു. രണ്ട് തവണ പെർമിറ്റ് നൽകിയശേഷം മൂന്നാം തവണ എന്തുകൊണ്ട് അനുവദിച്ചില്ലെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഏജന്റ് മുഖേന സമീപിച്ചിരുന്നെങ്കിൽ ഷൗക്കത്തിന് പെർമിറ്റ് ലഭിക്കുമായിരുന്നുവെന്ന് സുഹൃത്ത് അബൂബക്കർ ആരോപിച്ചു. രണ്ട് തവണ പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷയ്ക്ക് മൂന്നാം തവണ ഏജന്റ് വഴി കൈക്കൂലി നൽകാത്തതിനാലാണ് പെർമിറ്റ് നിഷേധിച്ചതെന്നും അബൂബക്കർ ആരോപിച്ചു.

ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തും രംഗത്തെത്തി. അധികാരം മനുഷ്യരുടെ തലയിലേക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷൗക്കത്തിന്റെ ആത്മഹത്യയെന്ന് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി എൻ. പ്രശാന്ത് കുറിച്ചു.

ഷൗക്കത്തിനെ വ്യക്തിഹത്യ ചെയ്തുവെന്ന ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാകിറും രംഗത്തെത്തി. സംഭവത്തിൽ കൂടുതൽ പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ മോട്ടോർ വാഹനവകുപ്പിനെതിരായ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

See also  അച്ചടക്കം പാലിച്ചില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപിക

Related Articles

Back to top button