പരാതി പറഞ്ഞിട്ടും നടപടിയില്ല ഒടുവിൽ മോഷ്‍ടാക്കളെ കണ്ടെത്തി പോലീസിലേൽപ്പിച്ച് വീട്ടുടമ

തൃശൂർ: മോഷണത്തിൽ പരാതി നൽകിയിട്ടും നടപടി വൈകിയതിനെ തുടർന്ന് മോഷ്ടാക്കളെ കണ്ടെത്തി പോലീസിലേൽപ്പിച്ച് ഉടമ. തൃത്തല്ലൂറിലെ പൊതുപ്രവർത്തകൻ ഗിരീഷ് മാത്തുകാട്ടിലിന്റെ വീട്ടിൽ നിന്നാണ് കുറച്ചുദിവസം മുൻപ് വിലപിടിപ്പുള്ള ചെമ്പുപാത്രങ്ങളും വീട്ടുപകരണങ്ങളും മോഷണം പോയത്.
മോഷണസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല എങ്കിലും ഐസിടിവി ക്യാമറയിൽ നിന്നും മോഷ്ടാക്കളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ഗിരീഷ് വാടാനപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. തെളിവുകൾ നൽകിയിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് ഗിരീഷ് തന്റെ സുഹൃത്തുക്കൾക്കൊപ്പം മോഷ്ടാക്കൾക്കായി തിരച്ചിൽ നടത്തുകയും ഒരാഴ്ചയ്ക്കുള്ളിൽ മോഷ്ടിച്ച സാധനങ്ങൾ കൊണ്ടുപോയ വാഹനവും മോഷ്ടാക്കളെയും കണ്ടെത്തുകയുമായിരുന്നു.
ഗിരീഷ് നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. ഒരാളെ കണ്ടെത്തിയതിനെ തുടർന്ന് അയാളെ വച്ച് മറ്റുള്ളവരെയും കണ്ടെത്തി. മോഷ്ടാക്കൾ തമിഴ്നാട് സ്വദേശികളായ മൂന്നു സ്ത്രീകളായിരുന്നു. തുടർന്ന് പോലീസിനെ വിവിവരമറിയിച്ചതിനെ തടുർന്ന് അവരെത്തി പൊഷ്ടാക്കളായ നാടോടി സ്ത്രീകളെയും മോഷണ സാധനങ്ങളും പിടികൂടി.



