Kerala

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങും

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ പ്രാഥമിക അന്വേഷണത്തിനായുള്ള എസ്‌ഐടി ഇന്ന് രൂപീകരിക്കും. ഇ ഡി ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. ഇഡി കത്തിലെ ഹവാല ഇടപാട് പരാമര്‍ശങ്ങളും അന്വേഷണ പരിധിയില്‍ വരും എന്നാണ് വിവരം. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അന്വേഷണം ഡിജിപിക്ക് വിടാന്‍ തീരുമാനിച്ചത്. ഏത് നിലയിലുള്ള അന്വേഷണമാണ് നടത്തേണ്ടെത് എന്ന് സംസ്ഥാന പൊലീസ് മേധാവി ആകും തീരുമാനമെടുക്കും എന്നാണ് അറിയിച്ചത്.

എന്നാല്‍ ഒരു ഔദ്യോഗിക അറിയിപ്പ് ഇപ്പോഴും ഡിജിപിക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറത്തിറക്കും എന്നാണ് വിവരം. ഇതിന് ശേഷമാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാകും അന്വേഷണം എന്നാണ് നിഗമനം. എസ്‌ഐടിയില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ വേണമെന്നതിനെ സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ച ഇന്നലെ ഉന്നത തലത്തില്‍ നടന്നിരുന്നു. മുന്‍ എസ്‌ഐടികളില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാകും ഇതില്‍ ഉള്‍പ്പെടുത്തുക. ഇഡിയുടെ കണ്ടെത്തലില്‍ ആണ് വിശദമായ പരിശോധന ആദ്യഘട്ടത്തില്‍ നടത്തുന്നത്.

ഇഡി ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്താനും എസ്‌ഐടി നീക്കമുണ്ട്. അതിന് ശേഷം മാത്രമായിരിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനേയും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനേയും അടക്കം ചോദ്യം ചെയ്യുക. പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ആദ്യ ഘട്ടത്തില്‍ എസ്‌ഐടി ലക്ഷ്യമിടുന്നത്. ഇഡി കത്തിലെ കൈക്കൂലി, ഹവാല എന്നീ ആരോപണങ്ങളില്‍ പ്രത്യേകം അന്വേഷണമാകും നടത്തുക. പിന്നാലെ ഒരു വിജിലന്‍സ് അന്വേഷണത്തിനുള്ള നിര്‍ദ്ദേശവും ഡിജിപി നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇഡി ആരോപണങ്ങളില്‍ തെളിവുകള്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ പിണറായിക്കോ റിയാസിനോ എതിരെ കേസ് എടുക്കാന്‍ സാധിക്കൂ എന്നതാകും എസ്‌ഐടിക്ക് മുന്നിലെ വെല്ലുവിളി.

അതേസമയം സിഎംആര്‍എല്‍ അധികൃതരുടെ മൊഴി പിന്‍വലിക്കല്‍ എസ്‌ഐടി അന്വേഷണത്തിലും വെല്ലുവിളിയാകും എന്നാണ് വിവരം. നിര്‍ണായക മൊഴികള്‍ പിന്‍വലിക്കാനാണ് സിഎംആര്‍എല്‍ ഉന്നതര്‍ ഇഡി ഡയറക്ടര്‍ക്ക് സത്യവാങ്മൂലം നല്‍കിയത്. പിണറായി വിജയന് കുരുക്കായ ശശിധരന്‍ കര്‍ത്തയുടേയും പി സുരേഷ്‌കുമാറിന്റേയും മൊഴികള്‍ ഇതിലുണ്ട്. പിണറായി വിജയന്‍ വീണ ടി വഴി 3.28 കോടി കൈക്കൂലി വാങ്ങി എന്നായിരുന്നു പി സുരേഷ് കുമാറിന്റെ മൊഴി. പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്നായിരുന്നു ശശിധരന്‍ കര്‍ത്തയുടെ മൊഴി. മുഹമ്മദ് റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ ഹസന്‍ വാരിസും സത്യവാങ്മൂലം നല്‍കിയിരുന്നു. റിയാസിന്റെ നിര്‍ദ്ദേശപ്രകാരം 1.2 കോടി രൂപ ഹവാല ഏജന്റായ സുബേര്‍ വഴി വിദേശത്ത് കടത്തി എന്നായിരുന്നു ഹസന്‍ വാരിസിന്റെ മൊഴി. ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തത് എന്നായിരുന്നു ആരോപണം. ഇത്തരം മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

See also  നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ; നെറികേട് കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രന്‍

Related Articles

Back to top button