ശബരിമല ആടിയശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേട്; ദേവസ്വം ജീവനക്കാർക്കെതിരെ ക്രിമിനൽ കേസില്ല

ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും വിജിലൻസ് കോടതിയെ അറിയിച്ചു.
നെയ്യ് വിൽപന കൗണ്ടറുകളിലെ ക്രമക്കേടിനെ തുടർന്ന് 17.14 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് വ്യക്തിഗത ജീവനക്കാരെ ഉത്തരവാദികളാക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിജിലൻസിന്റെ നിലപാട്.
വിജിലൻസിന്റെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. അതേസമയം, ക്രിമിനൽ കേസ് എടുക്കുന്നില്ലെങ്കിലും കുറ്റാരോപിതരായ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
ക്രമക്കേടിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കാൻ കഴിയുമോയെന്നും ദേവസ്വം ബോർഡ് പരിശോധിക്കണം. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ വിൽപനയും കണക്കെടുപ്പും ഉൾപ്പെടെയുള്ള നടപടികൾക്ക് സമഗ്രമായ നടപടിക്രമം തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. ആടിയശിഷ്ടം നെയ്യ് വിൽപനയിലെ കണക്കുകളിലും രേഖകൾ സൂക്ഷിക്കുന്നതിലും നേരത്തെ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.



