Kerala

55 പവന്‍റെ സ്വർണ കിരീടം സേഫാണ്; സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ സ്വർണ കിരീടം സന്നിധാനത്തിലെ സ്ട്രോങ് റൂമിലുണ്ട്. തിരുവാഭാരണ കമ്മിഷൻ ഇത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ സമർപ്പിച്ച 55.75 പവൻ തൂക്കം വരുന്ന സ്വർണ കിരീടം കാണാതായി എന്നാണ് വാർത്തകൾ വന്നത്. എന്നാൽ സ്വർണ കിരീടത്തിന് സമാനമായ വസ്തു ആറന്മുളയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത് എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞത്.

അതിനിടെ തുലാമാസ പൂജയിൽ ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന മണ്ഡലകാലത്തും ആവശ്യത്തിന് അരവണ ലഭ്യമാക്കും. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ പ്രതിദിനം 2.6 ലക്ഷം ടിൻ അരവണയാണ് ഉൽപ്പാദിപ്പിക്കുന്നത്. പുതിയ പ്ലാന്‍റ് സജ്ജമാകുന്നതോടെ ഒരു ലക്ഷം ടിൻ കൂടി അധികമായി ഉൽപ്പാദിപ്പിക്കാൻ പറ്റും. തുലാമാസ പൂജയ്ക്ക് എട്ട് ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്കുണ്ടാകും. നടതുറക്കുന്ന നവംബർ 16ന് 75 ലക്ഷം ടിൻ അരവണയുടെ സ്റ്റോക്കുണ്ടാകുമെന്നും ജയകുമാർ പറഞ്ഞു.

See also  നിലമ്പൂർ തോൽവി: പാർട്ടി പരിശോധിക്കും, തിരുത്തേണ്ടത് തിരുത്തുമെന്നും എംവി ഗോവിന്ദൻ

Related Articles

Back to top button