വ്യാജ മദ്യം; വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷന്

തിരുവനന്തപുരം: വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികള്‍ എക്സൈസിന് ലഭിക്കുമ്പോള്‍ ഗൃഹപരിശോധന നടത്തുന്നതിനുമുമ്പ് പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെടണമെന്ന് മനുഷ്യാവകാശ കമ്മിഷന് ചെയര്പേഴ്സന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. നിരപരാധികള്‍ക്കെതിരേ വ്യാജ പരാതികള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോൾ എക്സൈസ് കമ്മിഷണര്‍ ഇതു സംബന്ധിച്ച് സർക്കുലർ ഇറക്കിയിരുന്നു. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കാമെങ്കില്‍ പരാതികള്‍ ഒഴിവാക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.
കേള്‍വിശക്തിയും സംസാര ശേഷിയുമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശിയായ നിരപരാധിയുടെ വീട്ടില്‍ സര്‍ക്കുലറിന് വിരുദ്ധമായി റെയ്ഡ് നടത്തിയതായി ഭാര്യ പരാതി നല്കിയ സാഹചര്യത്തില്‍ തിരുപുറം എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്നു വിശദീകരണം ലഭിച്ച ശേഷം ഉചിതമായ നടപടി എക്സൈസ് കമ്മിഷണര്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
അതേസമയം, 2025 ജനുവരി മൂന്നിന് സമീപവാസിയായ സ്ത്രീ തിരുപുറം എക്സൈസ് റേഞ്ച് ഓഫിസില്‍ നേരിട്ട് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
വിവരം നല്കിയ സ്ത്രീയുടെ മകന് സംസാര-കേള്‍വി ശേഷിയില്ലാത്തയാളുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്നും എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
പരിശോധനാ സംഘത്തിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥന് പരാതിക്കാരിയുടെ ഭര്‍ത്താവിനെ തിരിച്ചറിഞ്ഞയുടന്‍ പരിശോധന നടത്താതെ മടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍, രാത്രി ഉറങ്ങികിടന്ന തങ്ങളെ വിളിച്ചുണര്‍ത്തി അപമാനിച്ചെന്നും വ്യാജ വിവരം നല്കിയ സ്ത്രീയെ എക്സൈസ് സംഘം വിശ്വസിച്ചെന്നും പരാതിക്കാരി പറയുന്നു. വ്യാജ വിവരം നല്കിയ സ്ത്രീക്കെതിരേ പരാതിക്കാരിക്ക് നെയ്യാറ്റിന്‍കര ഡിവൈ എസ്പിക്ക് പരാതി നല്‍കാമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.



