Kerala

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: പറവൂരിൽ പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്റ്റർക്കെതിരേ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറി, അസഭ്യം പറഞ്ഞു എന്നിവ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്റ്റര്‍ക്കെതിരായ പരാതിയിലാണ് നടപടി.

കണ്ടക്റ്ററെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർഎസ്എ 173 ‘പ്രിയദർശിനി’ ബസിൽ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പഠനം കഴിഞ്ഞ് സഹപാഠികൾക്കൊപ്പമാണ് പെൺകുട്ടി ബസിൽ കയറിയത്. തീർഥാടനം നടത്തിയതിന്‍റെ ഭാഗമായി പെൺകുട്ടി തലമുടി വടിച്ചു മാറ്റിയിരുന്നു. മുൻപിലെ സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് കണ്ടക്റ്റർ പണമാവശ്യപ്പെട്ടു. സീറോ ടിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോഴാണ് പെണ്ണാണെന്ന് തോന്നില്ലെന്ന പരാമർശം നടത്തിയത്. താൻ ടിക്കറ്റ് ചാർജ് അടിച്ചുവെന്നും പണം തരാതെ പറ്റില്ലെന്നും കണ്ടക്റ്റർ പറഞ്ഞതോടെ സഹവിദ്യാർഥികൾ ചോദ്യം ചെയ്തു.

അതോടെ പുറകിലിരുന്ന പുരുഷ യാത്രക്കാരോട് ഇവരെ കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുമോ എന്ന് വിളിച്ച് ചോദിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. ‍‍യാത്രക്കാരിൽ ചിലർ കണ്ടക്റ്റർക്കൊപ്പം തന്നെ അധിക്ഷേപിച്ചുവെന്നും ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. മാത്രമല്ല യാത്രക്കാരിലൊരാൾ തന്നെ മർദിക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടി ആരോപിക്കുന്നു.

പണം നൽകി ടിക്കറ്റ് എടുക്കുന്നതു വരെ മറ്റു യാത്രക്കാരോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും അപമാനിച്ചുവെന്നും നീ പെണ്ണാണോ എന്നറിയാൻ വസ്ത്രം അഴിച്ച് നോക്കണം, അല്ലെങ്കിൽ നെറ്റിയിൽ എഴുതി ഒട്ടിക്കണം എന്നു പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യാത്രക്കാർക്കു മുൻപിൽ വച്ച് തന്നെ അപമാനിച്ചതു മൂലം വളരെയധികം മാനസിക ബുദ്ധിമുട്ടു നേരിടുകയാണെന്നും പെൺകുട്ടി പറയുന്നു.

See also  തിരുവനന്തപുരത്ത് പോലീസിന് നേരെ കത്തി വീശി കാപ്പാ കേസ് പ്രതി; വെടിയുതിർത്ത് എസ്എച്ച്ഒ

Related Articles

Back to top button