ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരാകില്ല

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശനെതിരായ അധിക്ഷേപ പരാമർശ കേസിൽ ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരാകില്ല. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ഹൈക്കോടതിയിൽ ഹരജി നൽകി.
അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാജു പി.നായരുടെ മൊഴി കളമശ്ശേരി പൊലീസ് രേഖപ്പെടുത്തുകയും, ആന്റോ അഗസ്റ്റിനെ ഉടൻ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി മുഖ്യമന്ത്രി വി.ഡി.സതീശൻ രണ്ടാം വിവാഹം കഴിച്ചെന്നാരോപിച്ച് വ്യാജ രേഖകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്.
ഈ മാസം 10ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിയിൽ ആന്റോ അഗസ്റ്റിൻ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കോടികൾ വിലമതിക്കുന്ന വാർത്ത’ എന്ന് അവകാശപ്പെട്ട് രണ്ടുപേർ സതീശന്റെ പേരിലുള്ള വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റേയും നോട്ടീസിന്റേയും പകർപ്പുമായി തന്നെ സമീപിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ, അർജന്റീന ടീമിന്റെയും മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ജിഎസ്ടി വെട്ടിപ്പിലും സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി റിപ്പോർട്ടർ ചാനൽ ഓഫീസിൽ പൊലീസ് പരിശോധന നടത്തുകയും നിർണായക രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലും പൊലീസ് നടപടി ഉണ്ടാകുമെന്ന സൂചന ഉള്ളതിനാലാണ് രണ്ട് കേസുകളിലും മുൻകൂർ ജാമ്യം തേടി ആന്റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചത്. അനുവദനീയമായതിലും കൂടുതൽ അളവിൽ മദ്യം കൈവശം വെച്ച കേസിൽ എക്സൈസ് കസ്റ്റഡിയിലായിരുന്ന ആന്റോ അഗസ്റ്റിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.



