ചില ഐറ്റത്തിന്റെ കുറവാണുള്ളത്; പ്രശ്‌നങ്ങള്‍ ഒക്ടോബര്‍ 15ഓടെ പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

മലപ്പുറം: ഒക്ടോബര്‍ 15ഓടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്നും ചില മരുന്നുകളുടെ കുറവാണ് ഉള്ളതെന്നും മന്ത്രി ഒരു പൊതുപ്രസംഗത്തില്‍ പറഞ്ഞു. കുറവുള്ള മരുന്നുകള്‍ വരുത്താന്‍ നടപടികള്‍ സ്വീകരിച്ചു. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഊര്‍ക്കടവ് ഹെല്‍ത്ത് സബ്‌സെന്റര്‍ ശിലാ സ്ഥാപന ചടങ്ങിലായാരുന്നു മന്ത്രിയുടെ പ്രസംഗം.
സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ പ്രശ്‌നം ഡോക്ടര്‍മാരുടെ കുറവാണെന്ന് മന്ത്രി പറഞ്ഞു. ആ പ്രശ്‌നം പരിഹരിക്കും. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് 50,000 ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ വരിക എന്നും മുരളീധരന്‍ ചോദിച്ചു. ഏത് സര്‍ക്കാര്‍ വന്നാലും അവരെയൊക്കെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ട്. അവരില്ലാത്ത ബഹളങ്ങള്‍ ഉണ്ടാക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും പ്രചരണങ്ങള്‍ നടത്തുന്നു എന്നും മന്ത്രി പറഞ്ഞു. എല്ലാത്തിനേയും ചികിത്സാപ്പിഴവെന്ന് പറഞ്ഞ് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ജില്ലകളില്‍ ഡോക്ടര്‍മാരുടെ ശമ്പളം 30 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ്, വയനാട്, ഇടുക്കി എന്നിവയാണ് ഈ ജില്ലകള്‍. മലയോരപ്രദേശത്തേക്കും കേരളത്തിന്റെ വടക്കേയറ്റത്തേക്കും പോകാന്‍ ഡോക്ടര്‍മാര്‍ക്ക് മടിയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ശമ്പള വര്‍ധന. രണ്ട് കൊല്ലത്തേക്ക് ഇവര്‍ക്ക് ട്രാന്‍സ്ഫര്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



