Kerala

പ്രശ്നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും നിലവിൽ 18 ഇനം മരുന്നുകളുടെ കുറവ് മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഈ മരുന്നുകൾ ഒരാഴ്ചയ്ക്കുള്ളിൽ വിതരണത്തിനെത്തിച്ച് പ്രശ്നം പൂർണമായി പരിഹരിക്കും. തിരുവനന്തപുരത്ത് ആന്റി റാബീസ് വാക്സിൻ ഉൾപ്പെടെ ആവശ്യത്തിന് സ്റ്റോക്കുണ്ട്. സാധാരണക്കാർക്ക് ലഭിക്കാത്ത ഏതെങ്കിലും മരുന്നുകളുണ്ടെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തിയാൽ ഉടൻ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗുണനിലവാരമില്ലാത്തതും കഴിഞ്ഞ പത്ത് വർഷമായി വലിയ അഴിമതി നടത്തുന്നതുമായ ചില കമ്പനികളിൽ നിന്ന് ഇനി മരുന്ന് വാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ. ഡോക്ടർമാരും ഉദ്യോഗസ്ഥരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും കമ്മീഷൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങളുമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. തനിക്ക് കമ്മീഷന്റെ ആവശ്യമില്ലെന്നും ഇത്തരം കമ്പനികളെ ഒഴിവാക്കിയത് കൊണ്ടാണ് നിലവിലെ താത്കാലിക ബുദ്ധിമുട്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി ശസ്ത്രക്രിയയ്ക്ക് ശേഷം ബാത്റൂമിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തെ മുൻനിർത്തി, യാഥാർഥ്യം മനസ്സിലാക്കാതെ എല്ലാ സംഭവങ്ങളിലും ചികിത്സപ്പിഴവ് ആരോപിച്ച് ഡോക്ടർമാരുടെ മനോവീര്യം തകർക്കരുതെന്ന് മന്ത്രി അഭ്യർഥിച്ചു. എന്നാൽ യഥാർഥത്തിൽ പിഴവുണ്ടായാൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 60 ശതമാനത്തോളം ഓഹരികൾ വാങ്ങിക്കൂട്ടിയ അമേരിക്കൻ കമ്പനികൾ ഉൾപ്പെടുന്ന കോർപ്പറേറ്റ് ശക്തികൾ പൊതുജനാരോഗ്യ മേഖലയെ തളർത്താൻ ശ്രമിക്കുകയാണ്. ചില മാധ്യമങ്ങൾ ഇവരുടെ കെണിയിൽ വീഴുന്നുണ്ടെന്നും ഡോക്ടർമാർ കൃത്യസമയത്ത് എത്തുന്നില്ലെന്ന തരത്തിലുള്ള വാർത്തകൾ ഇതിന്റെ ഭാഗമാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.

ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകരുതെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശം ശരിവെച്ച മന്ത്രി, സംശയങ്ങൾക്ക് മറുപടി നൽകാൻ ഡിഎംഒ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ആശുപത്രി പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ചില പ്രോട്ടോകോളുകൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംഎസ്‌സിഎൽ (KMSCL) തലപ്പത്തേക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്താൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

See also  കൊല്ലം മരുതിമലയിൽ നിന്ന് വീണ പെൺകുട്ടി മരിച്ച സംഭവം; പോലീസ് അന്വേഷണം തുടങ്ങി, ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

Related Articles

Back to top button