കേരളത്തിലെ എസ്.ഐ.ആർ പരിഷ്കരണത്തിലും ആശയക്കുഴപ്പം: കന്നി വോട്ടർമാരുടെ കണക്ക് വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവന്തപുരം: രാജ്യത്ത് വോട്ട് ചോരിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കേരളത്തിലെ എസ്‌ഐആര്‍ കണക്കുകളിലും അവ്യക്തത എന്ന് റിപ്പോര്‍ട്ട്. അന്തിമ പട്ടികയിലെ കന്നി വോട്ടര്‍മാരുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. 24 ലക്ഷം വോട്ടര്‍മാരാണ് എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായത്. അന്തിമ പട്ടികയില്‍ 15 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ തിരിച്ചെത്തിയെന്നാണ് വാദം. എന്നാല്‍ ഈ 15 ലക്ഷത്തില്‍ കന്നി വോട്ടര്‍മാര്‍ എത്രയാണെന്ന് വ്യക്തമല്ല എന്നതാണ് പൊരുത്തക്കേടുകളായി ചൂണ്ടിക്കാട്ടാനാകുക. കന്നി വോട്ടര്‍മാരെ പ്രത്യേകം കണ്ടെത്താന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തായ വോട്ടര്‍മാരുടെ കണക്കിലും അവ്യക്തതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തായത് 8.97 ലക്ഷം വോട്ടര്‍മാര്‍ മാത്രമെന്നാണ് കമ്മീഷന്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 3.92 ലക്ഷം വോട്ടര്‍മാര്‍ പട്ടികയിലേക്ക് തിരിച്ചെത്തിയെന്നും കമ്മീഷന്‍ വിശദീകരിക്കുന്നുണ്ട്. എസ്‌ഐആറിന് മുമ്പ് കേരളത്തില്‍ 2,78,50855 വോട്ടര്‍മാരുണ്ടായിരുന്നു എന്നാണ് കണക്ക്. എന്നാല്‍ എസ്‌ഐആര്‍ കരട് പട്ടിക പുറത്തിറങ്ങുമ്പോള്‍ അത് 2,54,42352 ആയി കുറഞ്ഞു. എസ്‌ഐആര്‍ കരട് പട്ടികയില്‍ പുറത്തായത് 24,08503 വോട്ടര്‍മാരാണ്. എന്നാല്‍ എസ്‌ഐആര്‍ അന്തിമപട്ടിക പുറത്തിറങ്ങുമ്പോള്‍ അത് 2,69,53644 ആയി ഉയര്‍ന്നു. 15,11,292 വോട്ടുകള്‍ തിരിച്ചെത്തി എന്നാണ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ ഇതിലാണ് കന്നി വോട്ടര്‍മാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ തയ്യാറാകാത്തത്.
മുമ്പ് പുറത്തായ 24 ലക്ഷം വോട്ടര്‍മാരില്‍ എത്ര പേര്‍ തിരിച്ചെത്തി എന്ന് വ്യക്തമാക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. നിലവിലെ വോട്ടര്‍മാരുടെ എണ്ണം 27,34,6351 (05/10/2026) ആണ്. പുതിയ സോഫ്റ്റ്‌വെയര്‍ അനുസരിച്ച് പുതിയ വോട്ടര്‍മാരെ പ്രത്യേകം കണ്ടെത്താന്‍ കഴിയില്ല എന്ന കമ്മീഷന്റെ വിശദീകരണത്തിന് എത്രകണ്ട് നിയമസാധുത ഉണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. തങ്ങള്‍ക്ക് വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന പ്രശ്‌നം പല തവണ ബിഎല്‍ഒമാര്‍ ഉന്നയിച്ചിരുന്നു. പല വീടുകളും ഫ്‌ലാറ്റുകളും അടഞ്ഞു കിടക്കുന്നു. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പടെ പലയിടങ്ങളില്‍ പുതിയ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വലിയ ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. ക്യാമ്പസുകള്‍ അടക്കം കേന്ദ്രീകരിച്ച് നടന്ന ക്യാമ്പയിനുകള്‍ക്ക് പിന്നാലെ കന്നി വോട്ടര്‍മാര്‍ വ്യാപകമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ കണക്കാണ് കമ്മീഷന്‍ മറച്ചുപിടിക്കുന്നത്.
അതേസമയം എസ്‌ഐആര്‍ വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ്. എസ്‌ഐആറില്‍ പുറത്തായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം 15 മുതല്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകുക. എസ്‌ഐആര്‍ കടുംവെട്ട് ദേശീയതലത്തില്‍ വിവാദമായതോടെയാണ് നടപടി എന്നാണ് വിവരം. അര്‍ഹരായ എല്ലാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡി സജിത്ത് ബാബു വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. എസ്‌ഐആറില്‍ ലഭിച്ച മുഴുവന്‍ പരാതികളും തീര്‍പ്പു കല്‍പ്പിച്ചെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കലാലയങ്ങളിലും വോട്ട് ചേര്‍ക്കാന്‍ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.



