കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധത്തിൽ അഞ്ച് വിദ്യാർഥികൾക്ക് സസ്പെൻഷൻ. എസ്എഫ്ഐ, എൻഎസ് യുഐ, എംഎസ്എഫ് ഭാരവാഹികൾക്കെതിരെയാണ് നടപടി. സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യ പ്രഭാഷകനും പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനറുമായ ജെ. നന്ദകുമാറിനെ ക്യാംപസിൽ എത്തിയാൽ തടയുമെന്നായിരുന്നു വിദ്യാർഥി സംഘടനകളുടെ പ്രഖ്യാപനം. മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാംപസ് അന്തരീക്ഷം സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു.
ആർഎസ്എസ് നേതാക്കളെ മുഖ്യപ്രഭാഷകരാക്കി നടത്തുന്ന ഈ സെമിനാറിന് അക്കാദമിക പ്രാധാന്യമൊന്നുമില്ലെന്നും ഇത് കാവിവത്കരണ അജണ്ടയുടെ ഭാഗമാണെന്നുമാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. അതേസമയം, പരിപാടി തടയാൻ ശ്രമിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സർവകലാശാല അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ കാലിക്കറ്റ് സർവകലാശാലയിലെ ഡി-ലിറ്റ് ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാൻ ഇടത് സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ തീരുമാനിച്ചു. ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. സംവിധായകൻ സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ള പ്രമുഖർക്ക് ബിരുദം നൽകുന്നതുമായി ബന്ധപ്പെട്ട് സെനറ്റിന്റെ അധികാരം മറികടന്ന് ചാൻസലറുടെ ഓഫീസ് ഇടപെട്ടതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വന്ദേമാതരം മുഴുവനായി ആലപിക്കാനുള്ള തീരുമാനവും ഇത്തരം വിഷയങ്ങളിൽ ജനാധിപത്യപരമായ ചർച്ചകൾ നടത്താത്തതിലുള്ള അമർഷവുമാണ് ബഹിഷ്കരണത്തിന് കാരണമായത്. ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് സെനറ്റ് അംഗങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്നും വിഷയത്തിൽ അനുരഞ്ജനത്തിന് ചാൻസലറോ സർവകലാശാല അധികൃതരോ തയ്യാറായില്ലെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു.
വിഷയം ചോദ്യം ചെയ്ത് ചില ഇടത് സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇത്തരം കാര്യങ്ങൾ സെനറ്റിൽ ചർച്ച ചെയ്യുന്നത് അനാവശ്യമായ മാധ്യമശ്രദ്ധ ക്ഷണിച്ചുവരുത്തുമെന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്. ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ചാൻസലർ ഓഫീസ് വഴി മാത്രം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിക്കെതിരെയാണ് തങ്ങളുടെ ശക്തമായ വിയോജിപ്പെന്ന് ഇടത് അംഗങ്ങൾ വ്യക്തമാക്കി.



