Kerala

മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നു; കൊല്ലത്തും നേതാക്കൾക്ക് വിമര്‍ശനം

കൊല്ലം: കൊല്ലത്തെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രൂക്ഷ വിമര്‍ശനം. പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നതും തിരിച്ചടിയായി. വിഎസിനെ അടക്കം അനുസ്മരിച്ചായിരുന്നു വിമര്‍ശനം. പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. പിണറായി സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്കായില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ഉയര്‍ന്നു.

മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നുവെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്റെ തെറ്റായ നിലപാടുകള്‍ കണ്ണൂരിലെ പരാജയത്തിന് കാരണമായി. ആലപ്പുഴയിലും കണ്ണൂരിലും അടക്കം നേതാക്കൾ പാര്‍ട്ടി വിട്ട് പോയത് എം വി ഗോവിന്ദന്റെ നിലപാടുകള്‍ കൊണ്ടാണ്. നേതാക്കളുടെ ശരീരഭാഷയും, ജനങ്ങളോടുള്ള സമീപനങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ചര്‍ച്ച ഉയര്‍ന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് ടേം വ്യവസ്ഥ എടുത്തു കളഞ്ഞത് ആരെ സംരക്ഷിക്കാനെണെന്ന് നേതൃത്വത്തോട് ചോദിച്ച പ്രതിനിധികള്‍ കൊല്ലം ജില്ലയില്‍ വനിതകളെ മത്സരിപ്പിക്കാത്തതിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വത്തിന് പേടിയാണെന്നും പരിഹാസമുണ്ടായി. കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും സിപിഐഎം പിരിവ് പാര്‍ട്ടിയായി മാത്രം ഒതുങ്ങിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് സമാന സംഭവത്തില്‍ പാര്‍ട്ടി വേദിയില്‍ തന്നെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും പാര്‍ട്ടി നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഉയരുന്ന വിമര്‍ശനം പാര്‍ട്ടി അണികളില്‍ ആശങ്കയ്ക്ക് ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

See also  പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം; ‘ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’

Related Articles

Back to top button