Kerala

സുഹൈലിന് കുരുക്കായി ആർടിഒ റിപ്പോർട്ട്: നെടുമ്പാശ്ശേരി വാഹനാപകടത്തിന് കാരണം സാങ്കേതികപ്പിഴവല്ല

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ പ്രതി സുഹൈലിന് എംവിഡിയുടെ കുരുക്ക്. അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് എംവിഡി റിപ്പോര്‍ട്ട് നല്‍കി. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ എംവിഡി ആരംഭിച്ചിട്ടുണ്ട്.

അപകടസമയത്ത് മിനി കൂപ്പറിന് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ജോയിന്റ് ആര്‍ടിഒ കോടതിക്ക് മുന്‍പില്‍ എംവിഡി കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, അനറ്റിക്കല്‍ ലാബ് റിപ്പോര്‍ട്ട് പ്രകാരം, ഒരാള്‍ സാധാരണ മദ്യപിക്കുന്നതിന്റെ അഞ്ചിരട്ടി മദ്യം സുഹൈല്‍ ആ സമയത്ത് സേവിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ് പൊലീസ്. നിലവില്‍ അന്വേഷണസംഘം കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്. മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നോഹ സജീവാണ് കാറിന്റെ ആര്‍സി ഉടമ. കഴിഞ്ഞ ദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

See also  മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Related Articles

Back to top button