Kerala

ജൂതപ്പള്ളി തീവെപ്പ്; ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ: പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ ജൂതപ്പള്ളി തീവെപ്പിലെ മുഖ്യപ്രതിയായ എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് സംശയം. എബിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചപ്പോള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ രാജ്യാന്തര ഗുണ്ടാ സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി. പ്രതി ആശയവിനിമയത്തിനായി കൂടുതലായി ഉപയോഗിച്ചിരുന്നത് ടെലഗ്രാമാണ്. ഇതില്‍ ബിഷ്‌ണോയി അനുകൂല ഗ്രൂപ്പുകളിലെ ഇടപെടലുകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് കടവുംഭാഗം സിനഗോഗിന് മുമ്പില്‍ തീയിട്ടതെന്നാണ് നേരത്തെ എബിൻ മൊഴി നൽകിയിരുന്നത്. ഇപ്പോൾ ഓൺലൈനിലൂടെ പരിചയപ്പെട്ട വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് എബിൻ പറയുന്നത്. വിക്രം തന്നെയാണോ ബോസ് എന്ന് പരിശോധിക്കുകയാണ് എസ്ഐടി.

എബിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുകളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ടെലഗ്രാം ചാറ്റുകളെക്കുറിച്ച് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ടെലഗ്രാമിനും പൊലീസ് കത്തയച്ചിട്ടുണ്ട്.

കടവുംഭാഗം സിനഗോഗിന് മുന്നില്‍ ഉള്‍പ്പെടെ മൂന്ന് സ്ഥലങ്ങളില്‍ നാല് തവണകളായി പ്രതി തീയിട്ടിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം ഒരു വീടിന് രണ്ടുതവണ തീയിട്ടു. തുടര്‍ന്ന് മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിലും തീവെപ്പ് നടത്തി. ശേഷം കടവുംഭാഗം സിനഗോഗിന് മുന്നിലെ ചെടികള്‍ വില്‍ക്കുന്ന കടയ്ക്കും തീയിട്ടു. ഇതിനൊക്കെ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് എബിന്‍ പോള്‍ സമ്മതിച്ചിട്ടുണ്ട്. കാര്‍ ഷോറൂമില്‍ തീയിട്ടതിന് 5000 രൂപയും സിനഗോഗിന് മുമ്പില്‍ തീയിട്ടതിന് രണ്ട് ലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സിയും സ്വീകരിച്ചതായാണ് പ്രതിയുടെ മൊഴി.

തീയിടുന്ന ഓരോ ഘട്ടത്തിലും പ്രതി തന്റെ പ്രതിഫലം കൂട്ടിക്കൂട്ടി വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വലിയൊരു കുറ്റകൃത്യത്തിലേക്ക് പ്രതിയെ എത്തിക്കാന്‍ ആരെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു

See also  സത്യവാങ്മൂലത്തിൽ 200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖരനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

Related Articles

Back to top button