Kerala

സുഹൈലിന്റെ കുരുക്ക് മുറുകും; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ വണ്ടിയുടെ ഇ.ഡി.ആർ ജർമനിയിലേക്ക് അയക്കും

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ കൂടുതല്‍ പരിശോധനയ്ക്കായി വാഹനനിര്‍മാതാക്കള്‍ ജര്‍മനിയിലേക്ക് അയക്കും.

വാഹനത്തിന്റെ വേഗത, അപകടസമയത്ത് ബ്രേക്ക് ചെയ്തിരുന്നോ, മറ്റ് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ, അന്ന് വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ സമഗ്ര വിവരങ്ങള്‍ ഇഡിആറില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കുന്നത് വാഹനത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട്, ജര്‍മനിയിലെ ബിഎംഡബ്ല്യൂ ഹെഡ്ക്വാട്ടേഴ്‌സിലെത്തിച്ച് വിദഗ്ധ സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം.

അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മേല്‍ക്കോടതികളെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം. വാഹനത്തിന്റെ ആര്‍സി ഉടമയായ അമ്മയെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

See also  കോട്ടയം മെഡിക്കൽ കോളെജ് അപകടം; റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

Related Articles

Back to top button