Kerala

കുട്ടികൾക്ക് പാർശ്വഫലം ഉണ്ടായാൽ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും

തിരുവനന്തപുരം: എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ രംഗത്ത്. എസ് എം എ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഗോവിന്ദൻ, ആരോഗ്യമന്ത്രി കൃത്യമായി മറുപടി പറയുന്നില്ലെന്ന് വിമർശിച്ചുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തിയെന്നും കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചതെന്നുമടക്കമുള്ള ചോദ്യങ്ങളാണ് സി പി എം സംസ്ഥാന സെക്രട്ടറി ഉയർത്തിയത്.

എം വി ഗോവിന്ദന്‍റെ 6 ചോദ്യങ്ങൾ

1 ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തി?

2 കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചത്?

3 ഈ മരുന്നിന്‍റെ ക്ലിനിക്കിൽ പരിശോധന പൂർത്തിയായിട്ടുണ്ടോ? രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു

4 മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണപരിശോധന നടത്തിയിട്ടുണ്ടോ?

5 ടെൻഡർ വിളിക്കാൻ കാലതാമസം വന്നത് എന്തുകൊണ്ട്, ഒരു കമ്പനിക്ക് വേണ്ടി മാത്രം പ്രത്യേക ഇളവ് നൽകിയത് എന്തിന്?

6 കുട്ടികൾക്ക് പാർശ്വഫലം ഉണ്ടായാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും

ആരോഗ്യമന്ത്രിക്കെതിരെ ഇന്നലെ ആരോപണം ഉയർത്തിയ 3 സി പി എം മുൻ ആരോഗ്യമന്ത്രിമാരെ കെ മുരളീധരൻ അധിക്ഷേപിച്ചുവെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി വിമർശനം ഉന്നയിച്ചു. ആരോഗ്യമന്ത്രി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ്. മറുപടി ഇല്ലാത്തതിനാലാണ് പി കെ ശ്രീമതിയെയും കെ കെ ശൈലജയെയും വീണ ജോർജിനെയും മുരളീധരൻ ചീത്ത പറഞ്ഞത്. അദ്ദേഹം ഉപയോഗിച്ച പദം ഞാനിവിടെ പറയുന്നില്ല. വൃത്തികെട്ട രീതിയിലാണ് ആരോഗ്യമന്ത്രി നിലപാടെടുത്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

See also  സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Related Articles

Back to top button