Kerala

ഇവിടുത്തെ അടുക്കളയിൽ പറ്റില്ല; മാംസാഹാരം വിലക്കിയെന്ന വാർത്ത തള്ളി ലോക്ഭവൻ

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവന്‍ വിശദീകരിക്കുന്നു.

ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നായിരുന്നു നിര്‍ദേശം. അതിലെ വളച്ചൊടിച്ച് സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലാണ് വാർത്തകൾ വന്നതെന്നും അത് പൂർണമായും തെറ്റാണെന്നും ലോക്ഭവന്‍റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

ലോക്ഭവന്‍റെ അടുക്കളയില്‍ നിന്നു ഗവര്‍ണര്‍ക്കും ചില പഴ്സനല്‍ സ്റ്റാഫുകള്‍ക്കും മാത്രമാണു ഭക്ഷണം നല്‍കുന്നത്. ബാക്കി ജീവനക്കാര്‍ മുഴുവന്‍ വീടുകളില്‍നിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ചെയ്യുന്നവരാണ്. അവര്‍ക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി.

കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂറിന്‍റെ പുതിയ നിര്‍ദേശം വലിയ വിവാദമായിരുന്നു. നിരവധി പേരാണ് ഇതിനെതിരേ രംഗത്തെത്തിയിരുന്നത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഓരോരുത്തരുടെയും തിരുമാനമാണെന്നും അതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി ലോക്ഭവൻ തന്നെ രംഗത്തെത്തിയത്.

See also  സംസ്ഥാനത്ത് മഴക്കെടുതിക്ക് ആശ്വാസം: ഇന്ന് ഒരിടത്തും അലർട്ടുകളില്ല

Related Articles

Back to top button