ഇഎംഎസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇഎം രാധ അന്തരിച്ചു;

തിരുവനന്തപുരം: കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളും എഴുത്തുകാരിയുമായ ഇഎം രാധ അന്തരിച്ചു. 70 വയസായിരുന്നു. അർബുദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയുമായ ഇഎം രാധ വയോജന കമീഷൻ അംഗവുമാണ്. ‘ഇ.എം.എസ്: മകളുടെ ഓർമ്മകൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഇ എം എസിന്റെ ജീവിതത്തെ മകളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന കൃതിയാണ് ഇത്. മുൻപ് കേരള വനിതാ കമ്മീഷൻ അംഗമായും ഇഎം രാധ പ്രവർത്തിച്ചിട്ടുണ്ട്.മാപ്പുകൾ കാണുക
ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധനേടി. ഔദ്യോഗിക ജീവിതത്തിനൊപ്പം പൊതുരംഗത്തും സജീവമായിരുന്ന ഇവർ വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി. സാമൂഹ്യ–സാംസ്കാരിക വേദികളിലും നിറഞ്ഞുനിന്നു.
വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്സിലായിരുന്നു താമസം. ഭർത്താവ്: സി കെ ഗുപ്തൻ (മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്). മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ. സഹോദരങ്ങൾ: പരേതരായ ഡോ. മാലതി ദാമോദരൻ, ഇ എം ശ്രീധരൻ, എസ് ശശി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



