സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിദ്ധിഖ്; താരം ഒളിവിലെന്ന് സൂചന

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ നടൻ സിദ്ദിഖ്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് അഭിഭാഷകർ അറിയിച്ചു. അറസ്റ്റിന്റെ സജീവ സാധ്യത നിലനിൽക്കേയാണ് നടപടി. രാമൻപിള്ള അസോസിയേറ്റ്സ് ആണ് സിദ്ദിഖിന്റെ അഭിഭാഷകർ.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. അതേസമയം, ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയെന്ന് സൂചനയുണ്ട്. സിദ്ദിഖിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പടമുകളിലെ വീട്ടിൽ നിന്നും സിദ്ദിഖ് മാറിയെന്നാണ് വിവരം.
2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണി വരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയും ഇതേസമയം ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
The post സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിദ്ധിഖ്; താരം ഒളിവിലെന്ന് സൂചന appeared first on Metro Journal Online.