തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോർട്ട്; എഡിജിപിയുടെ സ്ഥാനം തെറിക്കും

എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും. തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോർട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. എഡിജിപി എംആർ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പൂരം ദിവസം അദ്ദേഹം തൃശൂരിൽ ഉണ്ടായിരുന്നു. പക്ഷേ പുലർച്ചെ മൂന്നരയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മൂകാംബികയിലേക്ക് പോവുകയാണ് ചെയ്തത്. മൂകാംബിക സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നാണ് എഡിജിപി നൽകുന്ന വിശദീകരണം. എന്നാൽ എഡിജിപി തൃശൂരിൽ ഉള്ള സാഹചര്യത്തിൽ കാര്യങ്ങൾ നോക്കി നടത്തുന്നതിന് മറ്റ് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്നാണ് ഡിജിപി പറയുന്നത്.
മൂന്ന് ദിവസം മുൻപ് ഉന്നത തലയോഗം ചേർന്ന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനം എടുത്തിരുന്നെന്നും അതിൽ എഡിജിപി പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രശ്ന ബാധിത മേഖലയിൽ നിന്ന് പ്രശ്നം ഉണ്ടായപ്പോൾ മാറി നിന്നു എന്ന നിലയിലാണ് ഡിജിപിയുടെ റിപ്പോർട്ട്. വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
The post തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോർട്ട്; എഡിജിപിയുടെ സ്ഥാനം തെറിക്കും appeared first on Metro Journal Online.