National

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണു; ഏഴു പേർക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് ഉൾപ്പെടെ ഏഴുപേർ മരിച്ചു. കേദാർനാഥ് തീർത്ഥാടനം കഴിഞ്ഞ് ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിനും സോൺപ്രയാഗിനും ഇടയിലുള്ള വനപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്.

 

ഇന്ന് പുലർച്ചെ 5:20 ഓടെയായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയും സാങ്കേതിക തകരാറുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റ് രാജ്‌വീർ, വിക്രം റാവത്ത്, വിനോദ്, ത്രിഷ്ടി സിംഗ്, രാജ്കുമാർ, ശ്രദ്ധ, പത്ത് വയസ്സുകാരി റാഷി എന്നിവരാണ് മരിച്ചതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി (UCADA) അറിയിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും (SDRF) പ്രാദേശിക ഭരണകൂടവും മറ്റ് രക്ഷാപ്രവർത്തന ഏജൻസികളും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവർക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ മേഖലയിൽ നടക്കുന്ന അഞ്ചാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഈ മാസം ഏഴാം തീയതി ഗുപ്തകാശിയിൽ നിന്ന് കേദാർനാഥിലേക്ക് പോയ മറ്റൊരു ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. അതിൽ യാത്രക്കാർ സുരക്ഷിതരായിരുന്നു.

The post ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണു; ഏഴു പേർക്ക് ദാരുണാന്ത്യം appeared first on Metro Journal Online.

See also  കിങ് ഖാന്‍ ദിനേന വലിച്ചിരുന്നത് നൂറോളം സിഗരറ്റ്; വെള്ളം ഇഷ്ടമില്ലാത്ത ഷാരൂഖ് 30 കപ്പ് ബ്ലാക്ക് കോഫിവരെ കുടുക്കുമായിരുന്നത്രെ!

Related Articles

Back to top button