എറണാകുളം കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ കിണറിൽ വീണു; ദമ്പതികളുടേത് അത്ഭുത രക്ഷപ്പെടൽ

എറണാകുളം കോലഞ്ചേരിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറിൽ വീണു. പാങ്കാട് ചാക്കപ്പൻ കവലയ്ക്ക് സമീപമാണ് കാർ 15 അടിയോളം താഴ്ചയുള്ള കിണറിൽ വീണത്. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകർത്ത് കിണറിലേക്ക് വീഴുകയായിരുന്നു. കിണറിൽ വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളായ അനിൽ, വിസ്മയ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇവരുടെ പരുക്ക് ഗുരുതമല്ല.
പട്ടിമറ്റത്തുനിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ദമ്പതികളെ രക്ഷിച്ചത്. ക്രെയിൻ ഉപയോഗിച്ച് കാർ കിണറ്റിൽനിന്നു പുറത്തെടുത്തു. ദമ്പതികൾക്ക് ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി.
The post എറണാകുളം കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ കിണറിൽ വീണു; ദമ്പതികളുടേത് അത്ഭുത രക്ഷപ്പെടൽ appeared first on Metro Journal Online.