Kerala

മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹര്‍ജി ഹൈകോടതിതള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന് അനുസരിച്ച് കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഉപഹര്‍ജിയിലെ ആവശ്യം.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിലായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അന്വേഷണം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട വാര്‍ത്തയിലൂടെയാണ് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചെന്ന വിവരം പുറംലോകമറിയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത ശരിവെയ്ക്കുന്നതായിരുന്നു ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട്. പിന്നാലെ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.

അതിജീവിതയുടെ ഹര്‍ജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്. കേസെടുക്കണമെന്ന അതിജീവിതുടെ ഹര്‍ജിയില്‍ എട്ടാം പ്രതി ദിലീപിന്റെ താല്‍പര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് അതിജീവിതയ്ക്ക് വേണ്ടി ഹാജരായത്.

The post മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹര്‍ജി ഹൈകോടതിതള്ളി appeared first on Metro Journal Online.

See also  നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Related Articles

Back to top button